'തെറി' യുടെ റീമേക്കിൽ സർപ്രൈസ്; 'ബേബി ജോണിൽ' സൽമാൻ ഖാന്റെ ക്യാമിയോ റോള്‍ ?; യൂട്യൂബിൽ ട്രെൻഡിംഗായി വരുൺ ധവാൻ ചിത്രത്തിന്റെ ട്രെയ്‌ലർ
മുംബൈ: അറ്റ്ലി-ഇളയ ദളപതി വിജയ് കൂട്ട്കെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു 'തെറി'. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തെറിയില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ബേബി ജോൺ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തീയറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. എന്നാൽ ചിത്രത്തിലെ ക്യാമിയോ റോള്‍ ആണ് ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ബേബി ജോണിന്റെ സംവിധാനം എ കാലീസ്വരനാണ്.
ചിത്രത്തില്‍ വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍റെ ക്യാമിയോ റോള്‍ ഉണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലറിന്‍റെ അവസാനം റിലീസ് തീയതി പറയുന്നത് സല്‍മാന്‍റെ ശബ്ദത്തിലാണ്.
ഒപ്പം ട്രെയിലറിലെ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങള്‍ ഇതിനകം ആരാധകര്‍ ഡീക്കോഡ‍് ചെയ്തിട്ടുണ്ട്. തമിഴിൽ വലിയ വിജയം നേടിയ ചിത്രം ബോളിവുഡിലേക്കെത്തുമ്പോൾ വമ്പൻ പ്രതീക്ഷയിലാണ് ആരാധകർ. 'തെറി' സംവിധാനം ചെയ്ത അറ്റ്ലിയാണ് ഹിന്ദിയില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളായി പ്രവർത്തിക്കുന്നുണ്ട്.