'മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ല.. മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്ത് പിടിക്കുന്ന സ്നേഹം; സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആസിഫ് അലിയുടെ ഭാര്യാ മാതാവിന്റെ കുറിപ്പ്
കൊച്ചി: കുടുംബബന്ധങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും സിനിമയുടെ താരത്തിളക്കത്തെക്കാൾ ദീപ്തിയുണ്ടെന്ന് ചില നിമിഷങ്ങൾ നമ്മെ ഓർമ്മിപ്പിക്കും. അത്തരമൊരു ഓർമ്മപ്പെടുത്തലായിരിക്കുകയാണ് നടൻ ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യാ മാതാവ് മുംതാസ് ആസാദ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ്. മകനെപ്പോലെ കരുതുന്ന താരത്തെ ചേർത്തുപിടിക്കുന്ന വാക്കുകളോടെയാണ് മുംതാസ് ആസാദ് ജന്മദിനാശംസകൾ നേർന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം നിരവധി പേർ ഏറ്റെടുത്ത് കഴിഞ്ഞു.
മകനാകാൻ സ്വന്തം ഉദരത്തിൽ പിറക്കണമെന്നില്ലെന്നും, മുഖം വാടുമ്പോൾ കരുതലോടെ ചേർത്തുപിടിക്കുന്ന മറ്റൊന്നിനും പകരമാകാത്ത സ്നേഹമാണ് ആസിഫെന്നും മുംതാസ് കുറിച്ചു. "ആയിരം നക്ഷത്രങ്ങൾ വിണ്ണിൽ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവി കൊണ്ട താരമേ, വരും നാളുകൾ ആരോഗ്യം, സമാധാനം, സന്തോഷം ജീവിത വിജയം എന്നും നിറഞ്ഞു നിൽക്കുവാൻ പ്രാർത്ഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകൾ" എന്നായിരുന്നു ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുംതാസ് എഴുതിയത്.
‘മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല. കാണുന്ന നേരം മുഖം ഒന്ന് വാടിയാൽ കരുതലോടെ ചേർത്ത് പിടിക്കുന്ന മറ്റൊന്നിന് പകരമാകാത്ത സ്നേഹമേ. ആയിരം നക്ഷത്രങ്ങൾ വിണ്ണിൽ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവി കൊണ്ട താരമേ, വരും നാളുകൾ ആരോഗ്യം, സമാധാനം, സന്തോഷം ജീവിത വിജയം എന്നും നിറഞ്ഞു നിൽക്കുവാൻ പ്രാർത്ഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകൾ’. എന്നായിരുന്നു മുംതാസിന്റെ കുറിപ്പ്.
എഴുത്തുകാരികൂടിയായ മുംതാസ് ആസാദിന്റെ "പ്രണയം നമ്മോട് പലതും പറയും" എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013-ലാണ് കണ്ണൂർ സ്വദേശിനിയായ സമ മസ്രിനെ ആസിഫ് അലി വിവാഹം ചെയ്തത്. അതേസമയം, ആസിഫ് അലിയുടെ പുതിയ ചിത്രമായ 'ടിക്കി ടാക്ക' ഒരു മാസ് ആക്ഷൻ എൻ്റർടെയ്‌നറാണ്. നിലവിൽ ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ പുരോഗമിക്കുകയാണ്.