'മണിയൻപിള്ള രാജുവിനെ സിസിടിവി രക്ഷിച്ചു'; ഇല്ലായിരുന്നെങ്കിൽ സോഷ്യൽ മീഡിയ വലിച്ചു കീറുമായിരുന്നു; നാട്ടുകാർ ശിക്ഷ നടപ്പാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ശാരദക്കുട്ടി

Update: 2026-02-06 17:04 GMT

തിരുവനന്തപുരം: മണിയൻപിള്ള രാജുവിന് സിസിടിവി ദൃശ്യങ്ങൾ വലിയ തുണയായെന്നും അല്ലെങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ ഇഞ്ചനാര് പോലെ വലിച്ചുകീറുമായിരുന്നുവെന്നും എഴുത്തുകാരി ശാരദക്കുട്ടി. മണിയൻപിള്ള രാജുവിൻ്റെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. അപകടം നടന്നാൽ എല്ലായ്പ്പോഴും കുറ്റം കാറോടിക്കുന്നവർക്കോ വലിയ വാഹനങ്ങൾക്കോ ആകണമെന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.

അപകടം നടന്നാൽ ഉടൻ കാറോടിക്കുന്നവരെ നാട്ടുകാർ തല്ലിച്ചതയ്ക്കുന്ന രീതിയെ ശാരദക്കുട്ടി വിമർശിച്ചു. "തല്ല് കൊണ്ടെങ്കിലോ എന്ന് ഭയന്നാണ് നിർത്താതെ പോയത്" എന്ന മണിയൻപിള്ള രാജുവിൻ്റെ വാക്കുകൾ ഗൗരവകരമാണ്. നാട്ടുകാർ നിയമം കയ്യിലെടുത്ത് വിധി നിർണ്ണയിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. കോടതിയും പോലീസും ജാഗ്രത പുലർത്തിയില്ലെങ്കിൽ തെരുവുപ്പട്ടിയുടെ വില പോലും മനുഷ്യജീവന് കിട്ടില്ലെന്ന് അവർ കുറിച്ചു.

ശാരദകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നടൻ മണിയൻപിള്ള രാജുവിന് സി സി ടി വി ദൃശ്യങ്ങളാണ് തുണയായത്. അല്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ ഇന്ന് ഇഞ്ച നാരു പോലെ വലിച്ചു കീറുമായിരുന്നു. കിട്ടിയ സമയം കൊണ്ട് ആകാവുന്നത്ര കൊടുത്തിട്ടുമുണ്ട്. ദൃശ്യങ്ങൾ സത്യം കാണിച്ചു തരുന്നുണ്ട്. എല്ലായ്പോഴും കുറ്റം ബൈക്കുകാരുടെ ആകണമെന്നില്ല. എന്നാൽ ബസ്സുകളുടെ മരണപ്പാച്ചിലു പോലെ തന്നെ ഭയപ്പെടുത്തുന്നതാണ് ചില ചെറുപ്പക്കാരുടെ ബൈക്കുകളിലെ ഇരമ്പിച്ചുള്ള കുതിച്ചു പോക്ക്. കൊച്ചു കുട്ടികൾ ബൈക്കിൽ പാഞ്ഞു വരുന്നത് കണ്ട് ഭയന്ന് മുൻസീറ്റിൽ കണ്ണടച്ചിരുന്നിട്ടുണ്ട്.

കാർ ഡ്രൈവ് ചെയ്യുന്നവർക്ക് എങ്ങോട്ട് വെട്ടിക്കണം , എന്തു ചെയ്യണം എന്നറിയാത്ത ഭയപ്പാടുണ്ടാക്കിക്കൊണ്ടാണ് ബൈക്കുകൾ ചീറിപ്പായുന്നത്. അപകടം സംഭവിച്ചാൽ കാറോടിക്കുന്നവരെ നാട്ടുകാർ തല്ലിച്ചതക്കും. മണിയൻപിള്ള രാജു പറഞ്ഞല്ലോ, 'തല്ലു കൊണ്ടെങ്കിലോ എന്ന് ഭയന്നാണ് നിർത്താതെ പോയത്' എന്ന്. നാട്ടുകാർ നിയമം കയ്യിലെടുത്ത്, വിധി നിർണ്ണയിച്ച്, ശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണം. കോടതിയും പോലീസും ഭരണകൂടവും ജാഗ്രത പുലർത്തിയില്ലെങ്കിൽ തെരുവു പട്ടിയുടെ വില പോലും മനുഷ്യജീവന് കിട്ടില്ല.

ലൈസൻസില്ലാത്ത രണ്ടു കുട്ടികൾ ഒരു ബുള്ളറ്റിൽ അമിത വേഗത്തിൽ വന്ന് കാറിൻ്റെ ബോണറ്റിന് മുകളിൽ തട്ടി തെറിച്ചു റോഡിലേക്ക് വീഴുന്നത് ഒരിക്കൽ നേരിൽ കണ്ടിട്ടുണ്ട്. പരിക്കുകളേടെ എങ്കിലും കുട്ടികൾ ജീവനോടെ എഴുന്നേറ്റ് നിൽക്കുന്നത് അത്ഭുതം പോലെയാണ് കണ്ടത്. അന്ന് കാറുകാരൻ്റെ ഭാഗ്യം കൊണ്ട് മാത്രം അയാൾ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ടു. അയാളുടെ കുറ്റമല്ലെന്ന് നാട്ടുകാർക്കും പോലീസുകാർക്കും എങ്ങനെയോ ബോധ്യം വന്നതു കൊണ്ട് മാത്രം നാട്ടുകാരുടെ തല്ലു കിട്ടിയില്ല.

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് അഛനറിയാതെ അയൽപക്കത്തെ ആരുടെയോ വണ്ടിയുമെടുത്ത് ഇറങ്ങിയതാണ് കുട്ടികൾ. പരിചയമില്ലാത്ത വണ്ടി, ഡ്രൈവിങ് ലൈസൻസില്ല, ലൈസൻസെടുക്കാൻ പ്രായമായില്ല. എന്നിട്ടും തിരക്കുള്ള റോഡിൽ വണ്ടിയുമായിറങ്ങാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടുന്നു ? ബ്രേക്കും ആക്സിലറേറ്ററും മാറിപ്പോയെന്നാണ് കുട്ടികൾ പറഞ്ഞത്. കർക്കശമായ നിയമങ്ങളില്ലാത്തതുകൊണ്ടും കർശനമായ ശിക്ഷയില്ലാത്തതു കൊണ്ടും നമ്മുടെ നാട്ടിൽ റോഡ് നിയമങ്ങൾ പാലിക്കപ്പെടുന്നില്ല. നിയമങ്ങളെ പലർക്കും ഭയമില്ല. speed limit കടന്നാൽ വൻതുക പിഴയുണ്ട് വിദേശ രാജ്യങ്ങളിൽ. നമ്മുടെ നാട്ടിലേതു പോലെ ഒത്തുകളികൾ ഒന്നും നടപ്പില്ല. കേരളത്തിലെ റോഡിലിറങ്ങിയാൽ ജീവനോടെ തിരികെ വീട്ടിലെത്തിയാൽ അതൊരു ഭാഗ്യം മാത്രമാണ്. 

Tags:    

Similar News