അജേഷ് പി.പി യഥാര്‍ത്ഥ കഥാപാത്രം; ഞങ്ങളുമായി ബന്ധപ്പെട്ടാല്‍ കിട്ടാനുള്ള സ്വര്‍ണത്തിന്റെ പണം നല്‍കുമെന്ന് ബേസില്‍ ജോസഫ്
അജേഷ് പി.പി യഥാര്‍ത്ഥ കഥാപാത്രം; ഞങ്ങളുമായി ബന്ധപ്പെട്ടാല്‍ കിട്ടാനുള്ള സ്വര്‍ണത്തിന്റെ പണം നല്‍കുമെന്ന് ബേസില്‍ ജോസഫ്
കൊച്ചി: ബേസില്‍ ജോസഫ് സജിന്‍ ഗോപു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജോതിഷ ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് പൊന്‍മാന്‍. ജി.ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ നടന്ന കഥയാണെന്നും അതില്‍ ഒരാള്‍ സംവിധായകന്‍ ജോതിഷ് ശങ്കര്‍ തന്നെ ആയിരുന്നുവെന്നും പറയുകയാണ് ബേസില്‍ ജോസഫ്.
ദീപക് പറമ്പോല്‍ അവതരിപ്പിച്ച കഥാപാത്രം നടന്‍ രാജേഷ് ശര്‍മ്മയില്‍ നിന്ന് പ്രചോദനം കൊണ്ടതാണ് എന്നും ബേസില്‍ വ്യക്തമാക്കി. സിനിമയിലെ പ്രധാന കഥാപാത്രമായ അജേഷ് പിപി ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം ആരാണെങ്കിലും തങ്ങളെ സമീപിച്ചാല്‍ അദ്ദേഹത്തിന് ലഭിക്കാനുള്ള സ്വര്‍ണത്തിന് തുല്യമായ പണം നല്‍കാമെന്നും ബേസില്‍ പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.
'ഇതൊരു യഥാര്‍ത്ഥ സംഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സിനിമയുടെ സംവിധായകന്‍ ജോതിഷ് ശങ്കറിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതാണ് ഇത്. അത് ഇന്ദുഗോപന്‍ നേവലാക്കി, നാലഞ്ചു ചെറുപ്പക്കാര്‍ എന്നാണ് നോവലിന്റെ പേര്. ഈ നാലഞ്ചു ചെറുപ്പക്കാരില്‍ ഒരു ചെറുപ്പക്കാരന്‍ ജോതിഷേട്ടനാണ്. ഇന്ന് അദ്ദേഹം അത്ര ചെറുപ്പക്കാരനല്ല. ഈ സിനിമയിലെ മറുത എന്ന കഥാപാത്രമാണ് ജോതിഷേട്ടനില്‍ നിന്ന് പ്രചോദനം കൊണ്ടത്. ഇതില്‍ ദീപക് ചെയ്ത കഥാപാത്രം നടന്‍ രാജേഷ് ശര്‍മ്മയില്‍ നിന്ന് പ്രചോദനം കൊണ്ടതാണ്. അദ്ദേഹമാകട്ടെ ഈ സിനിമയില്‍ ഒരു പള്ളിയിലച്ചന്റെ വേഷം ചെയ്യുന്നുമുണ്ട്.
ഈ സിനിമയിലെ പ്രധാന കഥാപാത്രമായ ഞാന്‍ അവതരിപ്പിക്കുന്ന ആളെ നമ്മളാരും പിന്നീട് നേരില്‍ കണ്ടിട്ടില്ല. ഈ പറയുന്ന നാലഞ്ചു ചെറുപ്പക്കാരും അയാളെ കണ്ടിട്ടില്ല, ആരും കണ്ടിട്ടില്ല. ഇത് കേള്‍ക്കുന്ന അജേഷ് പി.പി ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും യഥാര്‍ത്ഥ അജേഷിനെ കാണാന്‍ താല്പര്യമുണ്ട്. ഞങ്ങളുടെ അടുത്ത് വന്നാല്‍ അജേഷിന് കിട്ടാനുള്ള സ്വര്‍ണ്ണത്തിനുള്ള അത്രയും പൈസ കൊടുക്കുന്നതായിരിക്കും,' ബേസില്‍ കൂട്ടിച്ചേര്‍ത്തു.