'പാക്ക് അപ്പ്...'; ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്‍മറു'ടെ ചിത്രീകരണം പൂര്‍ത്തിയായി; അടുത്ത അപ്ഡേറ്റ് കാത്ത് ആരാധകർ
ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട്, പരിസര പ്രദേശങ്ങളിലുമായി 42 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കുമായി പാലക്കാട് നടന്ന വിരുന്ന് സൽക്കാരത്തോടെയാണ് ചിത്രീകരണം അവസാനിച്ചത്.
"കള്ളനും ഭഗവതിക്കും" ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്മർ'. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. യുവജനങ്ങൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ദിവ്യ പിള്ള, അമ്മുര എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.
ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് 'ഭീഷ്മർ'. അൻസാജ് ഗോപിയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോൺകുട്ടിയാണ് കൈകാര്യം ചെയ്യുന്നത്. നാല് ഗാനങ്ങൾ ഉൾപ്പെടുന്ന ചിത്രത്തിന്റെ സംഗീതം രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവർ നിർവഹിക്കുന്നു. ഹരിനാരായണൻ ബി.കെ, സന്തോഷ് വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.