ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ മോഹൻലാൽ ചിത്രം; നവാഗതനായ ഡാൻ ഓസ്റ്റിൻ തോമസ് ഒരുക്കുന്ന സിനിമയുടെ പുതിയ അപ്‍ഡേറ്റെത്തി; 'L365'ൽ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍
കൊച്ചി: ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം 'L365' ന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ബാനറിൽ ഒരുങ്ങുന്ന ഈ വലിയ ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ഡാൻ ഓസ്റ്റിൻ തോമസാണ്. 'തല്ലുമാല', 'വിജയ് സൂപ്പറും പൗർണമിയും' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാൻ ഓസ്റ്റിൻ, 'അഞ്ചാം പാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലും പരിചയസമ്പന്നനാണ്.
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ ബിനു പപ്പു ചിത്രത്തിൽ 'L365' ന്റെ ക്രിയേറ്റീവ് ഡയറക്ടറായി ജോയിൻ ചെയ്തിട്ടുണ്ട്. രതീഷ് രവി ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിക്കുന്നത്. 'അടി', 'ഇഷ്‌ക്' എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് രവി ഒരുക്കുന്ന പ്രധാന തിരക്കഥയാണ് ഇത്. 'തന്ത വൈബ്', 'ടോർപിഡോ' എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണ് 'L365'.
'തുടരും', 'എമ്പുരാൻ' എന്നീ ചിത്രങ്ങളിലൂടെ വൻ വിജയങ്ങൾ നേടിയ മോഹൻലാൽ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നുവെന്ന വാർത്ത ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിൽ, ഒരു വാഷ് ബേസിൻ്റെ കണ്ണാടിയിൽ ചിത്രത്തിൻ്റെ പേരും അണിയറ പ്രവർത്തകരുടെ വിവരങ്ങളും എഴുതിയിരിക്കുന്നതും, സമീപത്ത് തൂക്കിയിട്ടിരിക്കുന്ന പോലീസ് ഷർട്ടും ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും 'L365' ൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നിർമ്മാണ സംഘം അറിയിച്ചു.