കഥ അറിയാതെയാണ് സിനിമയിൽ എത്തിയത്; മേക്കപ്പ് ഒന്നും ഇല്ലാതെ അവിടുത്തെ ആളുകളുമായി ഇടപഴകി; 'ബൈസണെ' കുറിച്ച് രജിഷ വിജയൻ

Update: 2025-10-25 13:36 GMT

ചെന്നൈ: മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ 'ബൈസണി'ൽ താൻ അഭിനയിച്ചതിനെക്കുറിച്ച് നടി രജിഷ വിജയൻ. സിനിമയുടെ കഥയെക്കുറിച്ചോ തന്റെ കഥാപാത്രത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെയാണ് ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ് വരെ താൻ ജോയിൻ ചെയ്തതെന്ന് രജിഷ വെളിപ്പെടുത്തി. തിരുനൽവേലിയിൽ നിന്നുള്ള യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ ജാതി അതിക്രമങ്ങളെയും അനീതിയെയും കുറിച്ച് പറയുന്ന ചിത്രമാണിത്.

'ബൈസൺ' സിനിമയുടെ ഷൂട്ടിന് രണ്ട് ദിവസം മുമ്പാണ് കഥ എന്താണെന്ന് ഞാൻ അറിയുന്നത്. ഷൂട്ടിന് മുമ്പുള്ള വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുകയും അവിടെ താമസിച്ച് അവിടുത്തെ ആളുകളുമായി ഇടപഴകുകയുമാണ് ചെയ്തത്. ഞാനും ധ്രുവ് വിക്രവും അനുപമ പരമേശ്വരനും ഉൾപ്പെടെയുള്ളവർ മേക്കപ്പ് ചെയ്യാതെ, സാധാരണക്കാരുടെ വേഷവിധാനങ്ങളിൽ ലൊക്കേഷനിൽ താമസിച്ച് അവരുടെ ജീവിതരീതികൾ പഠിച്ചാണ് അഭിനയിച്ചത്. കബഡി താരമായ ധ്രുവിന്റെ സഹോദരിയുടെ വേഷത്തിലാണ് രജിഷ എത്തുന്നത്.

ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. മലയാളത്തിൽ നിന്ന് രജിഷ വിജയനും ലാലും പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ 'ബൈസൺ' മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടുകയാണ്. 

Tags:    

Similar News