പ്രതീക്ഷ നൽകി മാരി സെൽവരാജ്-ധ്രുവ് വിക്രം കോമ്പോയുടെ; ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്; 'ബൈസൺ' റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: പരിയേറും പെരുമാള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകനിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ തമിഴ് സംവിധായകനാണ് മാരി സെൽവരാജ്. പിന്നീട് പുറത്തിറങ്ങിയ ധനുഷ് ചിത്രമായ കർണ്ണൻ, വാഴൈ എന്ന ചിത്രങ്ങളും മികച്ച പ്രതികരണം നേടി. ഹിറ്റ് സംവിധായകനായ മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ബൈസണ്‍. ധ്രുവ് വിക്രം നായകനായി എത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റാണ് പുറത്ത് വരുന്നത്. ബൈസണ്‍ ദീപാവലി റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്.
മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കും ധ്രുവ് നായകനാകുന്ന ബൈസണെന്ന് വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ സംവിധായകൻ മാരി സെല്‍വരാജ് ഇത് നിരസിച്ച് രംഗത്തെത്തിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്നാണ് സൂചന. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ. മാരി സെല്‍വരാജ് ചിത്രം പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസായിരിക്കും നിര്‍മിക്കുക. ധ്രുവ് വിക്രം നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ബൈസൺ'. 2020 ൽ പ്രഖ്യാപിച്ച ചിത്രം 2024 മെയ് മാസത്തിലാണ് ചിത്രീകരണം ആരംഭിച്ചത്.
ധനുഷ് നായകനായി വേഷമിടുന്ന ഒരു ചിത്രവും മാരി സെല്‍വരാജിന്റേതായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പല കാരണങ്ങളാല്‍ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നായിരുന്നു ധനുഷ് മാരി സെല്‍വരാജിനൊപ്പമുള്ള പ്രൊജക്റ്റിനെ കുറിച്ച് എഴുതിയിരുന്നത്. ചിത്രത്തില്‍ ധനുഷിന്റ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.