സിനിമയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കണം; അര്‍ത്ഥപൂര്‍ണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം; നിര്‍മാതാക്കളുടെ സമരത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് സംവിധായകര്‍
സിനിമയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കണം
കൊച്ചി: സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സംവിധായകര്‍ രംഗത്ത്. ഡയറക്ടേഴ്‌സ് യൂണിയന്‍ പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന ഫെഫ്കയുടെ നിലപാടിന് പ്രസക്തിയുണ്ടെന്നും മലയാള ചലച്ചിത്രമേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കപ്പെടേണ്ടതാണെന്നും സംവിധായകര്‍ പറഞ്ഞു.
അര്‍ത്ഥപൂര്‍ണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു വിഷമപ്രശ്‌നവും നിലവിലില്ലെന്നും പ്രമേയത്തില്‍ പറഞ്ഞു. സംവിധായകന്‍ ബ്ലെസി ആണ് പ്രമേയം അവതരിപ്പിച്ചത്. അന്‍വര്‍ റഷീദ് പ്രമേയത്തെ പിന്താങ്ങി മുന്നോട്ടെത്തി. ഇരട്ട നികുതിയടക്കമുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാരുമായും ചര്‍ച്ചകള്‍ നടത്തണമെന്നും പ്രമേയത്തില്‍ അവതരിപ്പിച്ചു.
മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും പല നിര്‍മാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു നിര്‍മാതാക്കള്‍ നടത്തിയ പ്രസ് മീറ്റില്‍ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല എന്നും സുരേഷ് കുമാര്‍ പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇതിനെതിരെ പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍ എത്തിയിരുന്നു.
തിയേറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇതേ തുടര്‍ന്ന് ആന്റണിക്ക് പിന്തുണയുമായി പൃഥ്വിരാജ്, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.