നടി തൃഷയുടെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി; ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

നടി തൃഷയുടെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി

Update: 2025-10-03 09:47 GMT

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, നടി തൃഷ എന്നിവരുടെ വീടുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, നടി തൃഷയുടെ വീട് ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് തമിഴ്നാട് ഡയറക്ടര്‍ ജനറലിന് ലഭിച്ച സന്തേഷം. ഇതേ തുടര്‍ന്നാണ് പിശോധനകള്‍ നടത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് ഡി.ജി.പിയുടെ ഓഫിസിലേക്ക് സന്ദേശം ലഭിച്ചത്. ബി.ഡി.ഡി.എസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇത്തരം ഭീഷണികള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അടുത്തിടെയായി ഇത്തരം ഭീഷണികളില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ വിജയ്യുടെ വീടിന് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു.

അതേസമയം, നടി തൃഷയുടേതായി നിരവധി സിനിമകള്‍ റിലീസായി ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ വസിഷ്ഠയുടെ ഫാന്റസി ആക്ഷന്‍ ത്രില്ലര്‍ 'വിശ്വംഭര'യില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നായികയായി നടി എത്തുന്നുണ്ട്. കൂടാതെ നടന്‍ സൂര്യയുടെ 'കറുപ്പ്' എന്ന ചിത്രത്തിലും തൃഷയാണ് നായിക.

ആര്‍.ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ മേക്കോവറിലായിരിക്കും കറുപ്പില്‍ അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് കറുപ്പിലുള്ളത്.

Tags:    

Similar News