ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബയോപിക്; 'അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി' റിലീസിന് ബോംബെ ഹൈക്കോടതി അനുമതി

Update: 2025-08-27 11:33 GMT

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി' എന്ന സിനിമയുടെ റിലീസിന് ബോംബെ ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിൽ അനുചിതമായ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ രേവതി മോഹിതെ ദേരെ, നീല ഗോഖലെ എന്നിവരടങ്ങിയ ബഞ്ച്, ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് ഉത്തരവിട്ടു. ഒരു എഡിറ്റിങ്ങും കൂടാതെ ചിത്രം റിലീസ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. സിനിമ കണ്ടതിന് ശേഷം അതിൽ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപകരമായ ഉള്ളടക്കം ഇല്ലെന്ന് ജഡ്ജിമാർ ഉറപ്പുവരുത്തിയതായി ബഞ്ച് അറിയിച്ചു.

'ദി മങ്ക് ഹു ബിക്കം ചീഫ് മിനിസ്റ്റർ' എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ നിർമ്മിച്ചതെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചിത്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എതിർപ്പില്ലെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതും മറ്റ് ചില കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. ചിത്രത്തിലെ പല രംഗങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യണമെന്നും എഡിറ്റ് ചെയ്യണമെന്നും സെൻസർ ബോർഡ് നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News