സ്വാതി ആർ കൃഷ്ണയായി റിയ ഷിബു; 'അതിരടി'യുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; നവാഗതനായ അരുൺ അനിരുദ്ധൻ ഒരുക്കുന്ന ക്യാമ്പസ് എന്റർടെയ്‌നർ; ഓണം റിലീസിന് ഒരുങ്ങി സൂപ്പർ കോമ്പോ

Update: 2026-02-10 10:20 GMT

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അതിരടി' എന്ന ചിത്രത്തിലെ റിയ ഷിബുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സ്വാതി ആർ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് റിയ ഷിബു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ഈ ക്യാമ്പസ് ഫൺ എന്റർടെയ്നർ ഓണം റിലീസായി തിയറ്ററുകളിലെത്തും.

'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ റിയ ഷിബുവിന്റെ പുതിയ കഥാപാത്രത്തിന്റെ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. റിയ ഷിബുവിന്റേതിന് പുറമെ, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ദർശന രാജേന്ദ്രൻ, സെറിൻ ശിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് 'അതിരടി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സമീർ താഹിറും ടൊവിനോ തോമസും സഹനിർമ്മാതാക്കളായി ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽ മുരളി' എന്ന വിജയ ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായിരുന്നു അരുൺ അനിരുദ്ധൻ. 'മിന്നൽ മുരളി'ക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'അതിരടി'ക്കുണ്ട്.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ സാമുവൽ ഹെൻറി ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും മാനവ് സുരേഷ് പ്രൊഡക്ഷൻ ഡിസൈനും മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിക്സൺ ജോർജ് സൗണ്ട് ഡിസൈനും സുഹൈൽ കോയ ഗാനരചനയും നിർവഹിച്ചിരിക്കുന്നു. 

Tags:    

Similar News