'ഡീയസ് ഈറെ'യിൽ പ്രണവിനൊപ്പം കാമിയോ റോളിൽ മോഹൻലാൽ എത്തുമോ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി താരങ്ങളുടെ പ്രൊഫൈൽ പിക്

Update: 2025-10-25 12:22 GMT

കൊച്ചി: പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ഹൊറർ ചിത്രം 'ഡീയസ് ഈറെ'യിൽ സൂപ്പർസ്റ്റാർ മോഹൻലാൽ കാമിയോ റോളിൽ എത്തുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ചയാകുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും സൂചനകളും ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നു.

'ഭ്രമയുഗം' എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറെ' ഒക്ടോബർ 31-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുമോ എന്ന ആകാംഷ ആരാധകരിൽ ഉടലെടുത്തത്.

പ്രണവ് മോഹൻലാൽ, സംവിധായകൻ രാഹുൽ സദാശിവൻ, നിർമ്മാതാവ് രാമചന്ദ്ര ചക്രവർത്തി എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങൾ ചുവപ്പ്-കറുപ്പ് ഷേഡുകളിലേക്ക് മാറ്റിയത് ഈ ചർച്ചക്ക് തുടക്കമിട്ടു. പിന്നാലെ, ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ മോഹൻലാലും സമാനമായ ഷേഡിലുള്ള ചിത്രം പങ്കുവെച്ചത് പലരുടെയും ശ്രദ്ധയിൽപ്പെട്ടു. ഇത് മോഹൻലാൽ ചിത്രത്തിൽ ഒരു കാമിയോ റോളിൽ എത്താനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നതായി നിരവധിപേർ സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിൽ അഭിപ്രായപ്പെടുന്നു.

സംവിധായകൻ രാഹുൽ സദാശിവനും 'ഡീയസ് ഈറെ' എന്ന ഹാഷ്ടാഗോടെ ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. 'ക്രോധത്തിന്റെ ദിനം' എന്ന് അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഹൊറർ അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും 'ഡീയസ് ഈറെ' എന്ന സൂചന ട്രെയിലർ നൽകുന്നു.

സെൻസറിങ് പൂർത്തിയായപ്പോൾ 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം മികച്ച സാങ്കേതിക നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ടീസറും ട്രെയിലറും സൂചിപ്പിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'ക്രോധത്തിന്റെ ദിനം' എന്ന അർത്ഥം വരുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധായകനാണ് രാഹുൽ സദാശിവൻ. 

Tags:    

Similar News