'രശ്‌മികയുടെ ലിപ്‌ലോക്ക് രംഗം 30% കുറയ്ക്കണം, രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി ലഘൂകരിക്കണം'; 'ഥമ്മ'യിൽ മാറ്റങ്ങൾ നിർദേശിച്ച് സെൻസർ ബോർഡ്
മുംബൈ: മഡ്ഡോക് ഫിലിംസിൻ്റെ സൂപ്പർനാച്ചുറൽ യൂണിവേഴ്സിലെ പുതിയ ചിത്രമായ 'ഥമ്മ' ഒക്ടോബർ 21-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രശ്‌മികയുടെ ലിപ്‌ലോക്ക് രംഗം 30% കുറയ്ക്കണമെന്നും രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി ലഘൂകരിക്കണമെന്നും സെൻസർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.
ആദിത്യ സർപോദർ ആണ് ചിത്രത്തിന്റെ സംവിധാനം. 'സ്ത്രീ', 'ഭേഡിയ', 'മുഞ്ജ്യ' തുടങ്ങിയ ചിത്രങ്ങളിലൂടെ മഡ്ഡോക്ക് യൂണിവേഴ്സ് ഇതിനോടകം വലിയ വിജയം നേടിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 15-ന് റിലീസ് ചെയ്ത 'സ്ത്രീ 2' ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റുകളിൽ ഒന്നായിരുന്നു. 60 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം 700 കോടി രൂപയിൽ അധികം ബോക്സോഫീസിൽ നിന്ന് നേടി
'ഥമ്മ'യുടെ ടീസർ വീഡിയോയിൽ, 'ഈ പ്രപഞ്ചത്തിന് ഒരു പ്രണയകഥ ആവശ്യമായിരുന്നു, നിർഭാഗ്യവശാൽ, ഇത് രക്തരൂക്ഷിതമായ ഒന്നാണ്' എന്ന പ്രാരംഭ വാചകത്തിനൊപ്പം അർജിത് സിംഗിൻ്റെ ശബ്ദത്തിലുള്ള ഗാനവും ഉൾപ്പെടുന്നു. ഇത് ഒരു വാമ്പയർ പ്രണയകഥയാകാം എന്ന് സൂചിപ്പിക്കുന്നു. ഈ പരമ്പരയിലെ ചിത്രങ്ങൾ ഇതുവരെ 300 കോടി രൂപയിൽ അധികം നിർമ്മാണ ചെലവിൽ പൂർത്തിയാക്കുകയും 1000 കോടി രൂപയിൽ അധികം ബോക്സോഫീസിൽ നിന്ന് നേടുകയും ചെയ്തിട്ടുണ്ട്.