ഓസ്‌കർ എൻട്രി ചിത്രത്തിലും കത്രിക വെക്കാൻ സെൻസർ ബോർഡ്; 11 മാറ്റങ്ങൾ വേണമെന്ന് നിർദ്ദേശം; മാറ്റങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത് രാജ്യാന്തര ചലച്ചിത്ര മേളകളിൽ കയ്യടി നേടിയ ചിത്രത്തിന്
മുംബൈ: ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട 'ഹോംബൗണ്ട്' എന്ന ചിത്രത്തിൽ സെൻസർ ബോർഡ് 11 മാറ്റങ്ങൾ നിർദ്ദേശിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) 77 സെക്കൻഡ് ഫൂട്ടേജ് നീക്കം ചെയ്യാനും സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകി റിലീസിന് അനുമതി ലഭിച്ചത്.
സെപ്റ്റംബർ 12-ന് ചിത്രത്തിന് അനുമതി നൽകിയെങ്കിലും, സി.ബി.എഫ്.സി കമ്മിറ്റി നിരവധി എതിർപ്പുകൾ ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്. ആറ് സ്ഥലങ്ങളിൽ സംഭാഷണങ്ങൾ നിശബ്ദമാക്കുകയോ മാറ്റുകയോ ചെയ്യണം, അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ഒരു സംഭാഷണം പൂർണ്ണമായും നീക്കം ചെയ്യണം, പൂജ നടത്തുന്ന വ്യക്തിയുടെ രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഇല്ലാതാക്കണം തുടങ്ങിയവയാണ് നിർദ്ദേശിക്കപ്പെട്ട പ്രധാന മാറ്റങ്ങൾ.
നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം, ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. പൊലീസുകാരാകുക എന്നതാണ് അവരുടെ സ്വപ്നം.
ദി ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് ചിത്രത്തിന് പ്രചോദനമായത്. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെ ജീവിതവും ചിത്രം വിഷയമാക്കുന്നു. നേരത്തെ കാൻസ് ചലച്ചിത്രമേളയിലും ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. തിയേറ്റർ പ്രദർശനത്തിന് ശേഷം നവംബറോടെ നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.