ഓണത്തിന്റെ വരവറിയിച്ച അത്തച്ചമയ ഘോഷയാത്ര; രാജനഗരിയെ കീഴടക്കി ഫ്ളോട്ടുകൾ പാഞ്ഞപ്പോൾ കണ്ണിൽ ഉടക്കിയത് പരിചയമുള്ള കുറച്ച് മുഖങ്ങൾ; അബ്രാം ഖുറേഷിയുടെയും, സയീദ് മസൂദിന്റെയും സർപ്രൈസ് എൻട്രിയിൽ ഞെട്ടൽ; വ്യത്യസ്തമായി എമ്പുരാനിലെ ആ കഥാപാത്രങ്ങൾ; ദൃശ്യങ്ങൾ വൈറൽ
തൃപ്പൂണിത്തുറ: മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണാഘോഷങ്ങൾക്ക് ഇന്ന് തൃപ്പൂണിത്തുറയിൽ തുടക്കമായി. ഓണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള അത്തച്ചമയ ഘോഷയാത്ര രാവിലെ 9 മണിക്ക് നടൻ ജയറാം ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാണ് ഘോഷയാത്ര നഗരം ചുറ്റിയത്.
തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ 20 നിശ്ചല ദൃശ്യങ്ങളും 300-ൽ അധികം കലാകാരന്മാരും പങ്കെടുത്തു. നടൻ പിഷാരടിയും ആഘോഷങ്ങളുടെ ഭാഗമായി. ആനയും അമ്പാരിയും വർണ്ണാഭമായ നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക് മിഴിവേകി. 'അബ്രാം ഖുറേഷി', 'സയീദ് മസൂദ്', 'പ്രിയദർശിനി രാംദാസ്' തുടങ്ങിയ 'എമ്പുരാൻ' സിനിമയിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച ഫ്ലോട്ടുകൾ ഏറെ ശ്രദ്ധ നേടി. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് ഘോഷയാത്രയിൽ അവതരിപ്പിച്ചത്.
ഘോഷയാത്രയുടെ ഭാഗമായി മന്ത്രി എം.ബി. രാജേഷ് അത്തപ്പതാക ഉയർത്തി. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അതിഥികളായി ഭിന്നശേഷി വിദ്യാർത്ഥികളും ആഘോഷങ്ങളിൽ പങ്കാളികളായി. ഘോഷയാത്രയെത്തുടർന്ന് തൃപ്പൂണിത്തുറയിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സുരക്ഷ ഉറപ്പാക്കാൻ 450 പൊലീസുകാരെയും വിന്യസിച്ചു.
അത്തം നാളിലാണ് ഓണപ്പൂക്കളം ഒരുക്കുന്നത് ആരംഭിക്കുന്നത്. ചാണകം മെഴുകിയ തറയിൽ തുളസിയിലയും മുക്കുറ്റിയും വെച്ച് അതിന് ചുറ്റുമായി തുമ്പപ്പൂ ഉപയോഗിച്ച് ഒരു നിര പൂക്കളമൊരുക്കുന്നതാണ് അത്തച്ചമയത്തിന്റെ ആദ്യപടി. ഘോഷയാത്രയോടെ ഓണത്തിനായുള്ള കാത്തിരിപ്പിന് വിരാമമായി.
ഘോഷയാത്രയുടെ ഭാഗമായി വിവിധ വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും അണിനിരക്കും. ഹാഫ് മാരത്തൺ, മഹാബലി, നാഗസ്വരം, തകിൽ, പഞ്ചവാദ്യം, വർണക്കുടകൾ, വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ, കളരി സംഘം, വനിത ശിങ്കാരിമേളം, തെയ്യം, കരകാട്ടം, പുലിക്കളി തുടങ്ങി നിരവധി ഇനങ്ങൾ ഘോഷയാത്രയെ കൂടുതൽ ആകർഷകമാക്കി.
അത്തം ആഘോഷങ്ങളുടെ ഭാഗമായി സിയോൺ ഓഡിറ്റോറിയത്തിൽ രാവിലെ അത്തപ്പൂക്കള മത്സരം നടക്കും. വൈകുന്നേരം 3 മുതൽ പൂക്കളം കാണാൻ പൊതുജനങ്ങൾക്കായി സൗജന്യ പ്രവേശനം നൽകും. ലായം കൂത്തമ്പലത്തിൽ വൈകുന്നേരം 5ന് വൈക്കം അനിരുദ്ധന്റെ നാഗസ്വര കച്ചേരിയും 6.30ന് കലാസന്ധ്യയുടെ ഉദ്ഘാടനവും നടക്കും. രാത്രി 7ന് റെയ്ബാൻ ആലപ്പുഴയുടെ ഗാനമേളയും ഒരുക്കിയിട്ടുണ്ട്. നാളെ വൈകുന്നേരം 5ന് തലശ്ശേരി ബി. ഫ്രാൻസിസിന്റെ പപ്പറ്റ് ഷോ, 5.30ന് ആലിങ്ങലമ്മ പെരിഞ്ഞനത്തിന്റെ ഫ്യൂഷൻ കൈകൊട്ടിക്കളി, 7.30ന് നടൻ നിയാസിന്റെ മെഗാ ഷോ 'ക്രേസി മിഷൻ' എന്നിവയും അരങ്ങേറും.