ബോക്സ്ഓഫീസിൽ മികച്ച പ്രകടനവുമായി വാൾട്ടറും പിള്ളേരും രണ്ടാം വാരത്തിലേക്ക്; 10 ദിവസത്തിനുള്ളിൽ 'ചത്താ പച്ച' നേടിയതെത്ര?; കളക്ഷൻ കണക്കുകൾ പുറത്ത്

Update: 2026-02-02 16:58 GMT

കൊച്ചി: 2026-ലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ 'ചത്താ പച്ച'യുടെ ഏറ്റവും പുതിയ കളക്ഷൻ കണക്കുകൾ പുറത്ത്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ 35.51 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ഈ ആക്ഷൻ എന്റർടെയ്നർ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു.

കേരളത്തിലെ തിയേറ്ററുകളിൽ ഉടനീളം മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ ലഭിച്ച വലിയ ആവേശം ചോരാതെ ചിത്രം രണ്ടാം വാരത്തിലും നിലനിർത്തുന്നുണ്ട്. ബോക്സ് ഓഫീസ് കണക്കുകൾക്ക് പുറമെ, ചിത്രത്തിലെ ഗംഭീരമായ ഗുസ്തി രംഗങ്ങളും സാഹോദര്യത്തിന്റെ വൈകാരികതയും പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ചു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലേക്കും 'ചത്താ പച്ച' എത്തുകയാണ്. ഫെബ്രുവരി 6-ന് തമിഴിലും ഫെബ്രുവരി 13-ന് തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. കേരളത്തിന് പുറത്തും ചിത്രത്തെക്കുറിച്ചുള്ള ആകാംഷ വർധിക്കുന്നത് വരും ദിവസങ്ങളിൽ വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ വാൾട്ടർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന അതിഥി വേഷവും തിയേറ്ററുകളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗും സനൂപ് തൈക്കൂടത്തിന്റെ തിരക്കഥയും ചിത്രത്തിന് കരുത്തേകി. തിയേറ്ററിലെ പ്രദർശനം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഒടിടി റിലീസ് ഉണ്ടാകൂ എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. 'ടോപ്‌സ് ഇന്ത്യ'യുമായി സഹകരിച്ച് ചിത്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി അന്താരാഷ്ട്ര റെസ്‌ലിംഗ് കാർഡുകളുടെ മാതൃകയിലുള്ള ട്രേഡിംഗ് കാർഡുകളും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ഇവ ആമസോണിലൂടെ ലഭ്യമാണ്.

Tags:    

Similar News