ചിത്രം ഒരു മതപരമായ വിഷയത്തെയും അടിസ്ഥാനമാക്കിയുള്ളതല്ല; ചരിത്ര വസ്തുതകൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ; താജ് സ്റ്റോറി'യുടെ വിവാദ പോസ്റ്റർ പിൻവലിച്ചു
മുംബൈ: പരേഷ് റാവൽ കേന്ദ്രകഥാപാത്രമാകുന്ന 'ദ താജ് സ്റ്റോറി' എന്ന ചിത്രത്തിന്റെ പോസ്റ്റർ വിവാദമായതോടെ മറുപടിയുമായി അണിയറ പ്രവർത്തകർ. ചിത്രം ഒരു മതവിഷയത്തെയും താജ് മഹലിനുള്ളിൽ ക്ഷേത്രമുണ്ടെന്ന വാദത്തെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പൂർണ്ണമായും ചരിത്ര വസ്തുതകളിലാണ് ഊന്നൽ നൽകിയിരിക്കുന്നതെന്നും നിർമ്മാതാക്കളായ സ്വർണിം ഗ്ലോബൽ സർവീസസ് അറിയിച്ചു.
താജ് മഹലിന്റെ മിനാരത്തിനുള്ളിൽ നിന്ന് ശിവന്റെ വിഗ്രഹം ഉയർന്നു വരുന്ന രീതിയിലുള്ള പോസ്റ്ററാണ് കഴിഞ്ഞ ദിവസം പരേഷ് റാവലിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെക്കുകയും തുടർന്ന് അദ്ദേഹം പോസ്റ്റർ പിൻവലിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് നിർമ്മാതാക്കൾ വിശദീകരണവുമായി രംഗത്തെത്തിയത്.
"ദ താജ് സ്റ്റോറി' ഒരു മതപരമായ വിഷയത്തെയും താജ് മഹലിനുള്ളിൽ ക്ഷേത്രമുണ്ടെന്ന വാദത്തെയും അടിസ്ഥാനമാക്കിയുള്ളതല്ല. ഇത് പൂർണ്ണമായും ചരിത്രപരമായ വസ്തുതകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദയവായി സിനിമ കണ്ട ശേഷം അഭിപ്രായം പറയുക," നിർമ്മാതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.
സി.എ. സുരേഷ് ഝായാണ് സ്വർണിം ഗ്ലോബൽ സർവീസസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. തുഷാർ അമരിഷ് ഗോയലാണ് സംവിധാനം. ഒക്ടോബർ 31-ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കണ്ടതിനു ശേഷം അഭിപ്രായങ്ങൾ പ്രകടിപ്പിക്കണമെന്നാണ് നിർമ്മാതാക്കളുടെ അഭ്യർത്ഥന.