വിജയ് ചിത്രവും പിന്നിലായി; ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർത്ത് രജനികാന്ത്; ലോകേഷ് കനകരാജിന്റെ 'കൂലി'യുടെ ആദ്യ ദിവസത്തെ കളക്ഷൻ എത്ര ?
ചെന്നൈ: ആദ്യ ദിനം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർത്ത് സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം 'കൂലി'. ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം ആഗോളതലത്തിൽ 151 കോടി രൂപ നേടിയതായി നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ, ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന ആദ്യദിന കളക്ഷൻ എന്ന റെക്കോർഡ് 'കൂലി' സ്വന്തമാക്കി. ലോകേഷിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ വിജയ് ചിത്രം 'ലിയോ'യുടെ 148.5 കോടിയുടെ റെക്കോർഡാണ് 'കൂലി' മറികടന്നത്.
അതേസമയം, കേരളത്തിലെ ആദ്യദിന കളക്ഷന്റെ കാര്യത്തിൽ 'ലിയോ'യുടെ റെക്കോർഡ് തകർക്കാൻ 'കൂലി'ക്കായില്ല. കേരളത്തിൽ നിന്ന് 9.90 കോടി രൂപയാണ് 'കൂലി' ആദ്യ ദിനം നേടിയത്. 'ലിയോ'യുടെ ആദ്യദിന കേരള കളക്ഷൻ 12 കോടി രൂപയായിരുന്നു. എന്നാൽ കർണാടകയിൽ 'കൂലി' പുതിയ റെക്കോർഡ് സ്ഥാപിച്ചു. 14.2 കോടി രൂപ നേടി 'ലിയോ'യുടെ 13.65 കോടിയുടെ റെക്കോർഡാണ് ചിത്രം മറികടന്നത്. ആഗോളതലത്തിലും വിദേശത്തും മികച്ച പ്രതികരണം നേടുമ്പോൾ, തമിഴ്നാട്ടിലും കേരളത്തിലും ചിത്രത്തിന് ആദ്യദിനം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫിസിൽ മികച്ച തുടക്കം ലഭിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു എന്റർടെയ്‌നറായിട്ടാണ് 'കൂലി' ഒരുങ്ങുന്നത് സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.