അഡ്വാൻസ് ബുക്കിംഗിൽ നേട്ടമുണ്ടാക്കി രജനികാന്ത് ചിത്രം; 'കൂലി'ക്ക് കേരളത്തിൽ റെക്കോർഡ് പ്രീ-സെയിൽ; മുന്നിൽ 'എമ്പുരാൻ' മാത്രം

Update: 2025-08-11 12:53 GMT

കൊച്ചി: സൂപ്പർസ്റ്റാർ രജനികാന്ത് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം 'കൂലി' കേരളത്തിലെ പ്രീ-സെയിൽ ബുക്കിംഗിൽ പുതിയ റെക്കോർഡുകൾ കുറിക്കുന്നു. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മോഹൻലാലിന്റെ ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'തുടരും' നേടിയ ആദ്യദിന പ്രീ-സെയിൽ കളക്ഷനെ 'കൂലി' മറികടന്നു. ഇതുവരെ 5.34 കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്ന് മാത്രം അഡ്വാൻസ് ബുക്കിംഗിലൂടെ സമാഹരിച്ചത്.

കണക്കുകൾ പ്രകാരം, ഈ വർഷം കേരളത്തിൽ ഏറ്റവും വലിയ ഓപ്പണിംഗ് നേടുന്ന രണ്ടാമത്തെ ചിത്രമായി 'കൂലി' മാറുമെന്നാണ് സൂചന. 14 കോടിയിലധികം രൂപ നേടിയ മോഹൻലാലിന്റെ എമ്പുരാൻ ആണ് ഈ പട്ടികയിൽ ഒന്നാമത്. റിലീസിന് നാല് ദിവസം മുൻപുള്ള കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ, 'എമ്പുരാൻ' 9.56 കോടി രൂപ നേടിയിരുന്നു. എന്നാൽ നിലവിലെ ബുക്കിംഗ് ട്രെൻഡ് അനുസരിച്ച്, രജനികാന്തിന്റെ മുൻ ചിത്രം 'ജയിലർ' കേരളത്തിൽ നേടിയ 6 കോടി രൂപയുടെ ആദ്യദിന കളക്ഷൻ 'കൂലി' മറികടക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ രജനികാന്തിന്റെ ഏറ്റവും വലിയ ഓപ്പണിംഗായിരിക്കും കൂലി സമ്മാനിക്കുന്നത്.

ആഗോളതലത്തിലും ചിത്രം വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. വിദേശ മാർക്കറ്റുകളിൽ പ്രീമിയർ ഷോകൾ ഉൾപ്പെടെ 37 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞു. ഓഗസ്റ്റ് 8-ന് ഇന്ത്യയിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്ത്യയിലെ ആദ്യദിന പ്രീ-സെയിൽ കളക്ഷൻ ഏകദേശം 14 കോടി രൂപയാണ്. ഇതിൽ 10 കോടിയിലധികം രൂപ തമിഴ്‌നാട്ടിൽ നിന്നും 3 കോടിയിലധികം രൂപ കർണാടകയിൽ നിന്നുമാണ്. തെലുങ്ക് സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളിലെത്തും.

Tags:    

Similar News