'പവർഫുൾ മാസ് എന്റർടെയ്‌നറർ..'; ബോക്സ് ഓഫീസിൽ തരംഗമായി 'കൂലി'; രണ്ടാം ദിനവും ഞെട്ടിക്കുന്ന കളക്ഷൻ

Update: 2025-08-16 11:55 GMT

ചെന്നൈ: രണ്ടാം ദിവസവും ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കി സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ 'കൂലി'. റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 243 കോടി രൂപ നേടിയതായി റിപ്പോർട്ട്. ആദ്യ ദിനം മാത്രം 151 കോടി രൂപ നേടിയ ചിത്രം, തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഓപ്പണിംഗ് കളക്ഷനാണ് സ്വന്തമാക്കിയത്.

നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം ആദ്യ ദിനം 151 കോടിയാണ് ചിത്രത്തിൻ്റെ ആഗോള ഗ്രോസ്. രണ്ടാം ദിവസം ഏകദേശം 90 കോടി രൂപ കൂടി നേടിയതോടെയാണ് മൊത്തം കളക്ഷൻ 243 കോടിയിൽ എത്തിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് അനുസരിച്ച്, ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 80 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 75 കോടിയുമാണ് ചിത്രം നേടിയത്. നോർത്ത് അമേരിക്കയിലെ പ്രീമിയർ ഷോകളിൽ നിന്ന് 26.6 കോടി രൂപയും യുകെയിൽ നിന്ന് 1.47 കോടി രൂപയും ലഭിച്ചതായി നിർമ്മാതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

വൻ ഹൈപ്പൊടെ തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. രാഷ്ട്രീയ നേതാവും നടനുമായ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. 'കൂലി' ഒരു പവർഫുൾ മാസ് എന്റർടെയ്‌നറാണെന്നും രാജ്യമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമെന്നും ഉദയനിധി സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമാരംഗത്ത് 50 വർഷം പൂർത്തിയാക്കിയ രജനികാന്തിനെയും അദ്ദേഹം അഭിനന്ദിച്ചു. വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ 'കൂലി' തരംഗം തുടരുമെന്ന സൂചനയാണ് ചിത്രത്തിന് ലഭിച്ച വമ്പൻ സ്വീകാര്യതയും റെക്കോർഡ് കളക്ഷനും വ്യക്തമാക്കുന്നത്.

Tags:    

Similar News