'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സ് ഒരുക്കുന്ന ആക്ഷൻ ചിത്രം; വിദേശ വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്; പ്രതീക്ഷ നൽകി പെപ്പെയുടെ 'കാട്ടാളൻ'
കൊച്ചി: ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'കാട്ടാളൻ'. ചിത്രം റിലീസിന് മുമ്പ് തന്നെ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഏറ്റവും വലിയ തുകയ്ക്കാണ് 'കാട്ടാളൻ' സിനിമയുടെ വിദേശ വിതരണാവകാശം വിറ്റുപോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ പ്രമുഖരായ ഫാർസ് ഫിലിംസാണ് ഈ വൻതുകയ്ക്ക് ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ശ്രദ്ധ നേടിയിരുന്നു. കയ്യിലിരിക്കുന്ന കത്തുന്ന സിഗരറ്റും ചോരയൊലിക്കുന്ന മുഖവും തീക്ഷണമായ കണ്ണുകളുമായി ആൻ്റണി വർഗീസ് പെപ്പെ പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ, താരത്തിൻ്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയെ സൂചിപ്പിക്കുന്നു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന പ്രതീക്ഷ നൽകുന്നതായിരുന്നു പോസ്റ്റർ. വമ്പൻ സാങ്കേതിക മികവോടെയും ഉയർന്ന ബഡ്ജറ്റിലുമാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് മാസത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ.
പ്രധാനമായും തായ്‌ലൻഡിലാണ് ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ലോകപ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്ക്'-ലെ സ്റ്റണ്ട് കൊറിയോഗ്രാഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിത്രത്തിൻ്റെ സംഘട്ടനം ഒരുക്കുന്നത്. 'ഓങ്-ബാക്ക്' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ പോംഗ് എന്ന ആനയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ആൻ്റണി വർഗീസ് പെപ്പെ കൂടാതെ, മലയാളത്തിലെ പ്രമുഖ താരങ്ങളും പാൻ ഇന്ത്യൻ തലത്തിലുള്ള താരങ്ങളും ഉൾപ്പെടെ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.