'ഞാനടക്കമുള്ള ജനപ്രിതിനിധികളും രാഷ്ട്രീയ നേതൃത്വവും ചർച്ച ചെയ്യേണ്ട വിഷയം'; 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യെ കുറിച്ച് ഡീന്‍ കുര്യാക്കോസ് പറയുന്നതിങ്ങനെ
കൊച്ചി: മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ് അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. മെയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിൽ രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വൈകാരികമായി ഡീന്‍ കുര്യാക്കോസ് എംപി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകകൾ ചർച്ചയാവുകയാണ്. ചിത്രം കണ്ട ശേഷം കേരളം ഒരു വൃദ്ധസദനമാകുമോ എന്ന സംശയമാണ് അദ്ദേഹം ചോദിക്കുന്നത്. കൂടാതെ താനടക്കമുള്ള ജനപ്രിതിനിധികളും രാഷ്ട്രീയ നേതൃത്വവും സിനിമയിൽ പറഞ്ഞിരിക്കുന്ന പ്രമേയത്തെപ്പറ്റി തീർച്ചയായും ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കുറിച്ചു.
ഡീന്‍ കുര്യാക്കോസ് പങ്ക് വെച്ച പോസ്റ്റിന്റെ പൂർണ രൂപം
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ടു.
അധികം വൈകാതെ കേരളം ഒരു വൃദ്ധസദനം ആകും എന്ന് നമ്മൾ 'പരസ്പരം അടക്കം പറഞ്ഞിരുന്ന കാര്യം പൊതുമണ്ഡലത്തിൽ സജീവ ചർച്ചയാക്കിയ സിനിമ. ഇതിനോടകം കഴിഞ്ഞ 10 വർഷത്തിനകം 46 ലക്ഷം ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിൽ എത്തി എന്നത് എത്രയോ ഭീകരമാണ്.
''നിങ്ങൾ പോകുന്നിടത്ത് 50 വയസിൽ കുറഞ്ഞ എത്ര പേർ ഉണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് "
സിനിമയിലെ നായക കഥാപാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്. ഭരണാധികാരിളോടും, രാഷ്ട്രീയ പാർട്ടി നേതൃത്വത്തോടുമുള്ള ചോദ്യമാണത്. വർത്തമാന കാലഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി നേതൃത്വം ഇരുത്തി ചിന്തിക്കേണ്ട ഒരു പിടി വിഷയങ്ങൾ ഇക്കാര്യത്തിലുണ്ട്. സിനിമ ചർച്ച ചെയ്യുന്ന 3 പ്രധാന കാര്യങ്ങൾ
1. കേരളത്തിൽ തൊഴിൽ സാധ്യതകൾ ഇല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ ക്രമാധീതമായ ഒഴുക്ക്.
2. ഇങ്ങനെ വിദേശ രാജ്യങ്ങളിൽ എത്തിയവർ അനുഭവിക്കുന്ന സമാനതകൾ ഇല്ലാത്ത പീഢനം.
3. കേരളത്തിൽ ഉള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ തുനിഞ്ഞിറങ്ങുന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസം തകർത്ത് ഇല്ലാതെയാക്കുന്ന കേരളത്തിൻ്റെ വെറുപ്പിക്കുന്ന പശ്ചാത്തലം.
ഈ മൂന്നു കാര്യത്തിലും അടിയന്തിരമായ പരിഹാരം ആവശ്യമാണ്. കേരളമൊന്നാകെ ഒരുമിച്ച് നിന്ന് കൊണ്ട് ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കേണ്ടതാണ്. ഞാനടക്കമുള്ള ജനപ്രിതിനിധികളും, രാഷ്ട്രീയ നേതൃത്വവും തീർച്ചയായും ചെയേണ്ട കാര്യ ങ്ങൾ ചെയ്യണ്ടതാണ് എന്ന ഉത്തമ ബോധ്യത്തിൽ തന്നെ കേരളത്തിൻ്റെ ഭാവിയെ സംബന്ധിച്ച ആശങ്ക മനോഹരമായ നിലയിൽ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ നേരുന്നു. സംവിധായകൻ അരുൺ വൈഗ, മുഖ്യ കഥാപാത്രം അവതരിപ്പിച്ച ജോണി ആൻ്റണി, നിർമ്മാതാവ് അലക്സ് മാത്യു എന്നിവരെ നേരിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർച്ചയായും വിജയിക്കണ്ട ഈ സിനിമക്ക് എല്ലാ ആശംസകളും നേരുന്നു.