എന്റെ മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്തു; ഷൂട്ടിനിടയിൽ ഇടതുകൈ ഒടിഞ്ഞു; ചിത്രം 'ബൈസൺ' ചിത്രീകരണത്തിനിടെ പരിക്കുപറ്റിയതിനെ കുറിച്ച് ധ്രുവ്

Update: 2025-10-23 15:14 GMT

മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' സിനിമയുടെ ചിത്രീകരണത്തിനിടെ നായകനായ ധ്രുവ് വിക്രമിന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായി റിപ്പോർട്ട്. റിലീസിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് നടൻ ഇത് വെളിപ്പെടുത്തിയത്. ഇടത് കൈ ഒടിഞ്ഞുവെന്നും, പൊട്ടലുണ്ടായ മൂന്ന് പല്ലുകൾക്ക് റൂട്ട് കനാൽ ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

കബഡിയെ പശ്ചാത്തലമാക്കിയുള്ള ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കഴുത്തിലും വിവിധ ഭാഗങ്ങളിലും പരിക്കേറ്റതായും ധ്രുവ് വിക്രം കൂട്ടിച്ചേർത്തു. കൈമുട്ട്, വിരലുകൾ തുടങ്ങിയ ഇടങ്ങളിലും അദ്ദേഹത്തിന് പരിക്കുകൾ സംഭവിച്ചു. എന്നാൽ ഇതെല്ലാം ആസ്വദിച്ചാണ് ചെയ്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദീപാവലിക്ക് പ്രദർശനത്തിനെത്തിയ 'ബൈസൺ' ഇതിനോടകം മികച്ച പ്രേക്ഷകപ്രതികരണം നേടുന്നുണ്ട്. പ്രശസ്ത കബഡി താരം മണത്തി ഗണേശന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് അദ്ദേഹത്തിന്റെ ജീവചരിത്രം ആയിരിക്കില്ലെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു. കബഡിയുടെ പശ്ചാത്തലത്തിൽ ജാതി രാഷ്ട്രീയത്തെ ശക്തമായി അവതരിപ്പിക്കുന്ന ചിത്രമാണിത്.

അനുപമ പരമേശ്വരൻ, രജിഷ വിജയൻ, ലാൽ, പശുപതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പരിക്കുകളെക്കുറിച്ച് ധ്രുവ് സംസാരിക്കുന്ന വീഡിയോ നിലവിൽ ശ്രദ്ധേയമായിരിക്കുകയാണ്.

Tags:    

Similar News