'മൂന്നര മണിക്കൂറോളമുള്ള ചിത്രം, ഒട്ടും ബോറടിപ്പിച്ചില്ല'; ശരിക്കും അതൊരു മാജിക്; രൺവീർ സിംഗിന് പ്രശംസ; ബോക്സ്ഓഫീസ് വിജയത്തിന് പിന്നാലെ ഒടിടിയിലും ക്ലിക്കായി 'ധുരന്ദർ'
മുംബൈ: തിയറ്ററുകളിൽ ചരിത്ര വിജയം നേടിയ രൺവീർ സിംഗിന്റെ 'ധുരന്ദർ' എന്ന ചിത്രത്തിന് ഒടിടിയിലും വൻ സ്വീകാര്യത. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ നായക കഥാപാത്രമായ ഹംസയെ അവതരിപ്പിച്ച രൺവീർ സിംഗിന്റെ പ്രകടനത്തിനാണ് ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുന്നത്. റിലീസിന് മുമ്പുണ്ടായിരുന്ന നെഗറ്റീവ് പ്രവചനങ്ങളെ അപ്പാടെ തിരുത്തിക്കുറിച്ച്, ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ഹിന്ദി സിനിമയായി ധുരന്ദർ മാറിയിരുന്നു.
കഴിഞ്ഞ ഡിസംബർ 5-നാണ് 'ധുരന്ദർ' തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആഗോളതലത്തിൽ 1302.5 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. ഇന്ത്യ നെറ്റ് കളക്ഷൻ 836.5 കോടി രൂപയും ഓവർസീസ് കളക്ഷൻ 299 കോടി രൂപയുമാണ്. തിയറ്റർ റണ്ണിന് പിന്നാലെ ചിത്രം ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
ജനുവരി 31-ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു 'ധുരന്ദർ' ഒടിടിയിലെത്തിയത്. രൺവീർ സിംഗിന്റെ അഭിനയ മികവിനെയാണ് നിരൂപകരും പ്രേക്ഷകരും ഒരുപോലെ വാഴ്ത്തുന്നത്. പൊതുവേദികളിലെ 'ക്രിഞ്ച്' ഡയലോഗുകളിലൂടെയും തമാശകളിലൂടെയും ശ്രദ്ധ നേടിയ രൺവീർ സിംഗിൽ നിന്ന്, ഹംസയുടെ കഥാപാത്രത്തെ ആഴത്തിൽ ഉൾക്കൊണ്ടുള്ള അസാധാരണമായ പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സിനിമാസ്വാദകർ അഭിപ്രായപ്പെടുന്നത്. കഥാപാത്രത്തിൻ്റെ ആഴം മനസ്സിലാക്കിയുള്ള താരത്തിൻ്റെ പകർന്നാട്ടം അഭിമാനകരമാണെന്നും പ്രേക്ഷകർ കുറിക്കുന്നു.
രൺവീറിന് പുറമെ മാധവൻ, അക്ഷയ് ഖന്ന എന്നിവരുടെയും പ്രകടനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. "മികച്ച സിനിമ. ഇന്നത്തെ കാലത്ത് 2 മണിക്കൂർ ബോർ അടിപ്പിക്കാതെ പിടിച്ചിരുത്തുക എന്നത് തന്നെ ബുദ്ധിമുട്ടാണ്. അപ്പോഴാണ് മൂന്നര മണിക്കൂറോളമുള്ള ധുരന്ദർ... ശരിക്കും അതൊരു മാജിക് തന്നെ" എന്നാണ് ഒരു പ്രേക്ഷകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.