തിയറ്ററുകളിൽ പണം വാരിയ രൺവീർ കപൂർ ചിത്രം; 'ധുരന്ധർ' ഈ മാസം ഒടിടിയിലെത്തും; സ്ട്രീംമിംഗ് വിവരങ്ങൾ പുറത്ത്
മുംബൈ: കഴിഞ്ഞ വർഷം തിയറ്ററുകളിൽ വൻ വിജയം നേടിയ രൺവീർ സിങ് ചിത്രം 'ധുരന്ധർ' ഈ മാസം 30 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തി ലോകമെമ്പാടും 1330 കോടി രൂപ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച സ്പൈ ത്രില്ലർ, ആരാധകരുടെ വലിയ കാത്തിരിപ്പിന് ഒടുവിലാണ് ഒടിടിയിൽ എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം ഈദ് റിലീസായി എത്തുമെന്നും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. 130 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.
ധുരന്ധറിന്റെ രണ്ടാം ഭാഗത്തിന്റെ സ്ട്രീമിങ് അവകാശവും നെറ്റ്ഫ്ലിക്സ് തന്നെ ഉറപ്പാക്കിയതായാണ് റിപ്പോർട്ടുകൾ. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ', കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറി. അല്ലു അർജുന്റെ 'പുഷ്പ 2', ഷാരുഖ് ഖാന്റെ 'ജവാൻ', 'സ്ത്രീ 2' തുടങ്ങിയ സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ അതിവേഗം മറികടന്ന ചിത്രം, ഏഴ് ആഴ്ച പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്നിരുന്നു. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
രൺവീർ സിങ് ഹംസ അലി മസാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ, അക്ഷയ് ഖന്ന, ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. വിദേശ രാജ്യങ്ങളിലും മികച്ച അഭിപ്രായമാണ് ഈ സ്പൈ ത്രില്ലറിന് ലഭിച്ചത്. പ്രേക്ഷകരിൽ നിന്ന് ലഭിച്ച ആവേശം കണക്കിലെടുത്ത്, 'ധുരന്ധർ 2' അണിയറപ്രവർത്തകർ പ്രഖ്യാപിക്കുകയായിരുന്നു. 'ബോർഡർ 2' വിന്റെ റിലീസിനോടനുബന്ധിച്ചായിരിക്കും 'ധുരന്ധർ 2' വിന്റെ ടീസർ പുറത്തിറങ്ങുക. ഈ വർഷം ഈദ് റിലീസായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ ട്രെയിലർ അടുത്ത മാസം പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്. യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിനൊപ്പമാകും 'ധുരന്ധർ 2' റിലീസ് ചെയ്യുക.