100 കോടി ക്ലബ്ബിലെത്തിയ പ്രദീപ് രംഗനാഥൻ-മമിത ബൈജു കോമ്പോയുടെ ചിത്രം ഒടിടിയിലേക്ക്; 'ഡ്യൂഡ്' നവംബർ 14ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും
ചെന്നൈ: പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'ഡ്യൂഡ്' ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക്. നവംബർ 14 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യും. റൊമാന്‍റിക് ഫൺ എന്‍റർടെയ്നർ എന്ന വിഭാഗത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച തിയേറ്റർ പ്രതികരണമാണ് ലഭിച്ചത്. ബോക്സോഫീസിൽ 100 കോടി രൂപയിലധികം കളക്ഷൻ നേടുന്ന പ്രദീപ് രംഗനാഥൻ്റെ മൂന്നാമത്തെ ചിത്രമാണിത്. 'ലവ് ടുഡേ', 'ഡ്രാഗൺ' തുടങ്ങിയ ചിത്രങ്ങളും ഈ നേട്ടം കൈവരിച്ചിരുന്നു.
'ഡ്യൂഡ്' മമിത ബൈജുവും പ്രദീപ് രംഗനാഥനും തങ്ങളുടെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. കോമഡി, ഇമോഷൻ, ആക്ഷൻ, പ്രണയം, കുടുംബ ബന്ധങ്ങൾ, സൗഹൃദം എന്നിവയെല്ലാം ഒത്തുചേർന്ന ഒരു സമ്പൂർണ്ണ വിനോദ ചിത്രമായാണ് 'ഡ്യൂഡ്' വിലയിരുത്തപ്പെടുന്നത്. ചിത്രത്തിൽ പ്രദീപ് രംഗനാഥൻ അഗൻ എന്ന കഥാപാത്രത്തെയും മമിത ബൈജു കുരൽ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ശരത് കുമാർ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന വി bഷമിക്കാത്ത വേഷത്തിലും എത്തുന്നു. നവാഗതനായ കീർത്തിശ്വരനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സായ് അഭ്യങ്കർ സംഗീതമൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം നികേത് ബൊമ്മിയാണ് നിർവ്വഹിച്ചത്.
മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇ ഫോർ എന്‍റർടെയ്ൻമെൻ്റ്സാണ് കേരളത്തിലെ വിതരണാവകാശം കൈയ്യാളിയത്. നേഹ ഷെട്ടി, ഹൃദു ഹാറൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.