'ഓപണിംഗ് തന്നെ അതിഗംഭീരം..'; ക്യൂട്ട്നെസ് കാട്ടി മമിത; വേറെ ലെവൽ ആക്റ്റിങ്ങുമായി പ്രദീപും; തിയറ്ററുകളില്‍ 'ഡ്യൂഡ്' ക്ലിക്കായോ?; ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
സംവിധായകനും നടനുമായ പ്രദീപ് രംഗനാഥന്റെ പുതിയ ചിത്രം 'ഡ്യൂഡ്' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം 10.5 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പ്രദീപ് രംഗനാഥന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ആണ്.
കീർത്തീശ്വരൻ രചനയും സംവിധാനവും നിർവഹിച്ച ഈ റൊമാൻ്റിക് ആക്ഷൻ കോമഡി ചിത്രം, തമിഴ്, തെലുങ്ക് പതിപ്പുകളിലായി റിലീസ് ചെയ്തത്. മുമ്പ് അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രമായിരുന്ന 'ഡ്രാഗൺ' റിലീസ് ദിനത്തിൽ നേടിയ 6.5 കോടി രൂപയുടെ കളക്ഷനെ അപേക്ഷിച്ച് 'ഡ്യൂഡ്' 61.53 ശതമാനം അധികം നേടിയിട്ടുണ്ട്.
മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിന്, 'പ്രേമലു' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മമിതയുടെ സ്വാധീനവും ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രം ദീപാവലി തിരക്ക് കാരണം വാരാന്ത്യത്തിൽ കൂടുതൽ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ വാരാന്ത്യത്തിൽ ചിത്രം 35 കോടി രൂപ നേടുമെന്ന് കണക്കാക്കുന്നു.
മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് , എഡിറ്റിംഗ് ഭരത് വിക്രമൻ, സംഗീതം സായ് അഭ്യങ്കർ എന്നിവർ നിർവഹിച്ചു. 139 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്.