'വിക്രമാദിത്യൻ രണ്ടാം ഭാ​ഗത്തിന്റെ പണികൾ നടക്കുന്നുണ്ട്'; അപ്ഡേറ്റുമായി സംവിധായകൻ ലാൽ ജോസ്; 11 വർഷങ്ങൾക്ക് ശേഷം ദുൽഖർ- ഉണ്ണി മുകുന്ദൻ കോമ്പോ വീണ്ടും

Update: 2025-06-01 12:27 GMT

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. 2014ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വിക്രമാദിത്യൻ മികച്ച ജനപ്രീതി നേടിയ ചിത്രമായിരുന്നു. ഇന്നും ചിത്രം മിനിസ്ക്രീനിൽ അടക്കം ആവർത്തിച്ച് കാണുന്നവരുണ്ട്. ഉണ്ണി മുകുന്ദൻ- ദുൽഖർ സൽമാൻ കോമ്പോയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിക്കാൻ കാരണമായതും. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്ത് വരുന്നത്. വിക്രമാദിത്യൻ രണ്ടാം ഭാ​ഗത്തിന്റെ പണികൾ നടക്കുന്നതായി സംവിധായകൻ ലാൽ ജോസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

വിക്രമാദിത്യൻ രണ്ടാം ഭാ​ഗത്തിന്റെ പണികൾ നടക്കുന്നുണ്ട്. വൺലൈൻ കാര്യങ്ങളൊക്കെ റെ‍ഡി ആയിട്ടുണ്ട്. നിലവിൽ കെ എൻ പ്രശാന്തിന്റെ പൊനം എന്ന നോവൽ സിനിമയാക്കാനുള്ള തിരക്കിലാണ്. ആ ചിത്രത്തിൽ ഫഹദ് ഉണ്ട്. മറ്റുള്ളവരെ തീരുമാനിച്ചിട്ടില്ല എന്നാണ് ലാൽ ജോസ് പറഞ്ഞത്. വിക്രമാദിത്യന് രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്ത 2021ലാണ് പുറത്തുവന്നത്. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചതും. ഫീൽ ​ഗുഡ് ജോണറിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു വിക്രമാദിത്യൻ.

ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ എന്നിവരെ കൂടാതെ അനൂപ് മേനോൻ, ലെന, സന്തോഷ് കീഴാറ്റുർ, ജോയ് മാത്യു തുടങ്ങിയവരും നിവിൽ പോളി അതിഥി വേഷത്തിലും എത്തിയിരുന്നു. പ്രഖ്യാപനമെത്തിയതോടെ വലിയയ ആവേശത്തിലാണ് ആരാധകർ. ദുൽഖറും ഉണ്ണി മുകുന്ദനും വീണ്ടും ഒരേ സ്‌ക്രീനിൽ എത്തുന്നു എന്നത്ത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയും.

രണ്ടാം ഭാ​ഗത്തിൽ നിവിൻ ഉണ്ടാകുമോന്ന് പറയാനാകില്ലെന്നും ആദ്യ ഭാ​ഗത്തെ പോലെ തുല്യപ്രാധാന്യമാണ് ദുൽഖറിനും ഉണ്ണി മുകുന്ദനുമെന്നും നേരത്തെ ലാൽ ജോസ് പറഞ്ഞിരുന്നു. ഇവർക്ക് പുറമെ മറ്റൊരു നടൻ കൂടി സിനിമയിൽ ഉണ്ടാകും. അത് പറയാറായിട്ടില്ലെന്നും ആ നടനോടും പറഞ്ഞിട്ടില്ലെന്നും ലാൽ ജോസ് പറയുന്നു. ലാൽ ജോസിന്റെ അപ്ഡേറ്റ് എത്തിയതോടെ വിക്രമാദിത്യന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. 

Tags:    

Similar News