പരാജയങ്ങൾ പഴങ്കഥയാക്കി ദുൽഖർ സൽമാൻ; അമരന്റെ വെല്ലുവിളിയിലും കാലിടറാതെ 'ലക്കി ഭാസ്‍കര്‍'; ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുമായി ദുൽഖർ ചിത്രം
മലയാളത്തിന് പുറമെ തമിഴിലും, ഹിന്ദിയിലും ജനപ്രീതി നേടിയ താരമാണ് ദുൽഖർ സൽമാൻ. താരം ആദ്യമായി തെലുങ്കിൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'ലക്കി ഭാസ്‍കര്‍'. വലിയ പ്രതീക്ഷകളോടെ എത്തി തീയേറ്ററുകളിൽ പരാജയമായ 'കിംഗ് ഓഫ് കൊത്ത' എന്ന ചിത്രത്തിന് ശേഷം എത്തുന്ന ചിത്രമായിരുന്നു ലക്കി ഭാസ്കർ. മുൻ ചിത്രത്തിന് സംഭവിച്ച പരാജയത്തിന്റെ ക്ഷീണം തീർക്കാൻ ചിത്രത്തിനാകുമോ എന്ന ചർച്ചകൾ നേരത്തെ സജീവമായിരുന്നു. ലക്കി ഭാസ്‍കറിലൂടെ ദുൽഖർ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ലക്കി ഭാസ്‍കര്‍ കേരളത്തിലും മികച്ച കളക്ഷനാണ് നേടിയത്.
കേരളത്തില്‍ നിന്ന് ചിത്രം 20.50 കോടി നേടിയപ്പോൾ 111 കോടിയാണ് ആഗോളതലത്തില്‍ ചിത്രത്തിന്റെ കളക്ഷൻ. വെങ്കി അറ്റ്ലൂരിയാണ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'ലക്കി ഭാസ്‍കര്‍' ഒക്ടോബര്‍ 31 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമയാണ്. ഒരു ബാങ്ക് കാഷ്യറുടെ വേഷമാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.
ഒരു ബിഗ് ബജറ്റ് ചിത്രമാണ് 'ലക്കി ഭാസ്കർ'. വാത്തി എന്ന ബ്ലോക്ക്ബസ്റ്റർ ധനുഷ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ഹൈദരാബാദിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം തീയേറ്ററുകളിൽ വമ്പൻ വിജയമായിരിക്കുമെന്നാണ് പ്രതീക്ഷ.
മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ലക്കി ഭാസ്കറിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ലക്കി ഭാസ്കറിന് സംഗീതമൊരുക്കിയത് ജി വി പ്രകാശ് കുമാറാണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവി എന്നിവരാണ്.