'വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഭക്തിയുടെയും ഇതിഹാസ യാത്ര'; ചരിത്രനേട്ടത്തിനരികെ കാന്താര 2; ഇംഗ്ലീഷ് പതിപ്പിന്റെ റിലീസ് തീയതി പുറത്ത്

Update: 2025-10-23 13:16 GMT

ബംഗളൂരു: ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അഭിനയിക്കുന്ന 'കാന്താര ചാപ്റ്റർ 1' ആഗോളതലത്തിൽ ഇംഗ്ലീഷിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പ് ഒക്ടോബർ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചു. ഇന്ത്യൻ ഭാഷകളിൽ ചിത്രം നേടിയ വൻ ബോക്സ് ഓഫീസ് വിജയത്തെ തുടർന്നാണ് ഈ നീക്കം.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാനൊരുങ്ങുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ 2-ന് കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം, വെറും 20 ദിവസത്തിനുള്ളിൽ 850 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 550 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കി.

ഇംഗ്ലീഷ് പതിപ്പിന്റെ ദൈർഘ്യം 2 മണിക്കൂറും 14 മിനിറ്റുമായിരിക്കും, നിലവിൽ പ്രദർശിപ്പിക്കുന്ന പതിപ്പിന് 2 മണിക്കൂറും 49 മിനിറ്റും ദൈർഘ്യമുണ്ട്. 'അതിരുകൾക്കും ഭാഷകൾക്കും അതീതമായി പ്രതിധ്വനിക്കുന്ന ഒരു ദൈവിക ഗാഥ! കാന്താര ചാപ്റ്റർ 1 ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ റിലീസ് ചെയ്യുന്നു. വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഭക്തിയുടെയും ഇതിഹാസ യാത്ര അതിന്റെ എല്ലാ മഹത്വത്തിലും അനുഭവിക്കൂ,' പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് കുറിച്ചു.

പ്രീക്വൽ ആണ് 'കാന്താര ചാപ്റ്റർ 1'. ഋഷഭ് ഷെട്ടിക്കൊപ്പം രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അജനീഷ് ലോക്നാഥ് സംഗീതവും അരവിന്ദ് കശ്യപ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. 

Tags:    

Similar News