ഒടിടി റിലീസിനൊരുങ്ങി 'ഫെമിനിച്ചി ഫാത്തിമ'; സ്ട്രീമിങ് മനോരമ മാക്സിലൂടെ
കൊച്ചി: മികച്ച നിരൂപക പ്രശംസയും സംസ്ഥാന അവാർഡുകളും നേടിയ ഫാസിൽ മുഹമ്മദ് ചിത്രം 'ഫെമിനിച്ചി ഫാത്തിമ' ഒടിടിയിലേക്ക്. ഷംല ഹംസയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം ഉടൻ തന്നെ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഡിസംബറിൽ മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഒക്ടോബർ 10-ന് തിയേറ്ററുകളിൽ എത്തിയ 'ഫെമിനിച്ചി ഫാത്തിമ', ഒരു സാധാരണ വീട്ടമ്മയുടെ ദൈനംദിന ജീവിതത്തിലെ പോരാട്ടങ്ങളാണ് പച്ചയായി അവതരിപ്പിക്കുന്നത്. മലപ്പുറത്തെ തീരദേശ പശ്ചാത്തലത്തിൽ, ഒരു പുതിയ മെത്ത സ്വന്തമാക്കാനുള്ള ഫാത്തിമയുടെ ആഗ്രഹമാണ് കഥയുടെ കേന്ദ്രബിന്ദു. വീടിനുള്ളിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത ഒരു സ്ത്രീയുടെ നിശബ്ദമായ പ്രതിരോധവും, ആത്മാഭിമാനം വീണ്ടെടുക്കാനുള്ള അവളുടെ യാത്രയുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം ഐ.എഫ്.എഫ്.കെ അടക്കമുള്ള ചലച്ചിത്ര മേളകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിൽ വിജി വിശ്വനാഥ്, കുമാർ സുനിൽ, പുഷ്പ രാജൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് പ്രിൻസ് ഫ്രാൻസിസാണ്. പശ്ചാത്തല സംഗീതം ഷിയാദ് കബീറും, സൗണ്ട് ഡിസൈൻ ലോ എൻഡ് സ്റ്റുഡിയോയും കൈകാര്യം ചെയ്തിരിക്കുന്നു.