മാധ്യമങ്ങള്‍ ചെയ്യുന്നത് അവരുടെ ജോലി; ഇങ്ങനെ പ്രതികരിക്കാന്‍ ഇവിടെയാരും ഓസ്‌കാര്‍ ലഭിച്ചവരൊന്നുമല്ല; ചില സിനിമാതാരങ്ങളുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി നടി ഗൗതമി നായര്‍

വിമര്‍ശനവുമായി നടി ഗൗതമി നായര്‍

Update: 2024-09-23 10:20 GMT

തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള ചില താരങ്ങളുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച് നടി ഗൗതമി നായര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിമര്‍ശനം ഉന്നയിച്ചത്. ഇത്ര അഹന്തയോടെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കര്‍ ലഭിച്ചിട്ടില്ല എന്നാണ് ഗൗതമി കുറിച്ചത്. മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ബഹുമാനത്തോടെ പെരുമാറണമെന്നും താരം വ്യക്തമാക്കി.

'മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ആര്‍ട്ടിസ്റ്റുകള്‍ പരിഹാസരൂപേണ പ്രതികരിക്കുന്ന നിരവധി അഭിമുഖങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഇത്രയും അഹന്തയോടെ പെരുമാറാന്‍ ഇവിടെ ആര്‍ക്കും ഓസ്‌കാര്‍ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങള്‍ നിരപരാധികളാണെന്ന് ഞാന്‍ പറയുന്നില്ല. എന്നെക്കുറിച്ചും ഒന്നിലധികം ക്ലിക്ക് ബെയ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്, അഭിമുഖങ്ങളില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ചിലപ്പോള്‍ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും, എങ്കിലും ഓരോരുത്തര്‍ക്കും അവര്‍ ചോദിക്കാന്‍ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതകാന്‍ ശ്രമിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്മയോടെ പെരുമാറാനും പഠിക്കൂ.' - ഗൗതമി കുറിച്ചു.

അടുത്ത ദിവസങ്ങളിലെ ചില ഓണ്‍ലൈന്‍ അഭിമുഖങ്ങളിലാണ് ഗൗതമി ചൂണ്ടിക്കാണിച്ച തരത്തിലുള്ള ചില പെരുമാറ്റങ്ങള്‍ ചില താരങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്. അതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.കുറിപ്പ് ചര്‍ച്ചയായതിനു പിന്നാലെ ഗൗതമി ഇത് സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കി.

Tags:    

Similar News