വീണ്ടുമൊരു ബയോപിക്കുമായി മാധവൻ; മേക്കോവറില്‍ ഞെട്ടിച്ച് താരം; 'ജിഡിഎന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Update: 2025-10-26 16:58 GMT

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിൻ്റെ സൃഷ്ടാവ് ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിൻ്റെ ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ചിത്രത്തിൽ നടൻ ആർ. മാധവൻ നായകനാകുന്നു. 'ജിഡിഎൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'ഇന്ത്യയുടെ എഡിസൺ', 'കോയമ്പത്തൂരിന്റെ സാമ്പത്തിക സൃഷ്ടാവ്' എന്നീ വിശേഷണങ്ങളാൽ ഗോപാൽസ്വാമി അറിയപ്പെടുന്നത്.

പ്രമുഖ പരസ്യ സംവിധായകനും നവാഗതനുമായ കൃഷ്ണകുമാർ രാമകുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പോസ്റ്ററിൽ ജി.ഡി. നായിഡുവിൻ്റെ വേഷത്തിലുള്ള ആർ. മാധവനെ കാണാം. 2022-ൽ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയതിന് ശേഷം മാധവൻ നായകനാകുന്ന ചിത്രമാണിത്.

വർഗീസ് മൂലൻ പിക്‌ചേഴ്‌സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ് എന്നിവർ സംയുക്തമായാണ് നിർമ്മാണം. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. വർഗീസ് മൂലൻസ് ഗ്രൂപ്പിൻ്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്.

തമിഴിൽ ചിത്രീകരിക്കുന്ന 'ജിഡിഎൻ' തമിഴിന് പുറമെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യും. ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്. ചിത്രത്തിൻ്റെ ഇന്ത്യൻ ചിത്രീകരണം കോയമ്പത്തൂരിൽ പൂർത്തിയായി.

Tags:    

Similar News