അന്ധനായി സെയ്ഫ് അലി ഖാൻ, വില്ലനായി അക്ഷയ് കുമാർ; പ്രിയദർശന്റെ 'ഹായ്‌വാൻ' ചിത്രീകരണം കൊച്ചിയിൽ തുടങ്ങി
കൊച്ചി: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ഒപ്പ'ത്തിന്റെ ഹിന്ദി റീമേക്കിന് കൊച്ചിയിൽ തുടക്കം. 'ഹായ്‌വാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും 17 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച അന്ധനായ ജയരാമന്റെ കഥാപാത്രത്തെ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുമ്പോൾ, സമുദ്രക്കനി ചെയ്ത വില്ലൻ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്.
'എന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ പ്രിയദർശൻ സാറിനൊപ്പം ഹായ്‌വാന്റെ ഷൂട്ടിങ് ഇന്നാരംഭിക്കുന്നു. ഏകദേശം 18 വർഷങ്ങൾക്ക് ശേഷം സെയ്ഫിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം,' എന്ന് അക്ഷയ് കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2008-ൽ പുറത്തിറങ്ങിയ 'തഷാൻ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
മലയാളത്തിലെ കഥ അതേപടി പകർത്തിയല്ല ചിത്രം ഒരുങ്ങുന്നത്. കഥയിലും കഥാപാത്രങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രമായി ബൊമൻ ഇറാനി എത്തും. ഷരിബ് ഹാഷ്മി, അസ്രാണി, സയാമി ഖേർ, ശ്രിയ പിൽഗോൻകർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ദിവാകർ മണിയാണ് ഛായാഗ്രഹണം.
2016-ൽ പുറത്തിറങ്ങിയ 'ഒപ്പം' ബോക്സ് ഓഫീസിൽ 65 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു. കൊച്ചിയിലെ ചിത്രീകരണത്തിന് ശേഷം ഊട്ടി, മുംബൈ എന്നിവിടങ്ങളിലും 'ഹായ്‌വാൻ' ചിത്രീകരിക്കും. 'ഖിലാഡി തു അനാരി', 'യേ ദില്ലഗി' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അക്ഷയ്-സെയ്ഫ് സഖ്യം മുൻപും ഒന്നിച്ചിട്ടുണ്ട്.