'ഗോളം' സംവിധായകൻ സംജാദ് ഒരുക്കുന്ന 'ഹാഫ്'; രഞ്ജിത്ത് സജീവ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: നടൻ രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ഹൊറർ ആക്ഷൻ ചിത്രമായ 'ഹാഫ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹൊറർ ആക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നായിക അമല പോളും പ്രധാന വേഷത്തിൽ എത്തുന്നു. 'ഗോളം', 'ഖൽബ്' എന്നീ ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
'ഗോളം' സംവിധാനം ചെയ്ത സംജാദാണ് 'ഹാഫ്' സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയിലെ വിഖ്യാത ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാളായ വെരിട്രി യൂലിസ്മാൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. 'റെയ്ഡ് 2', 'ദി നൈറ്റ് കംസ് ഫോർ അസ്' തുടങ്ങിയ ലോകോത്തര ചിത്രങ്ങൾക്ക് അദ്ദേഹം കൊറിയോഗ്രാഫി നിർവഹിച്ചിട്ടുണ്ട്. ഇന്തോനേഷ്യക്കാരനായ യൂലിസ്മാന്റെ സാന്നിധ്യം ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ലോമോഷൻ ഒഴിവാക്കി യഥാർത്ഥ ആക്ഷൻ അനുഭവം പ്രേക്ഷകർക്ക് നൽകാൻ ലക്ഷ്യമിടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും ജയ്സാൽമീറിൽ പൂർത്തിയായി. രഞ്ജിത്ത് സജീവിനും അമല പോളിനും പുറമെ അബ്ബാസ്, ഐശ്വര്യ രാജൻ, സുധീഷ്, മണികണ്ഠൻ, ശ്രീകാന്ത് മുരളി, റോക്കി മഹാജൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. പ്രവീൺ വിശ്വനാഥാണ് തിരക്കഥ രചിച്ചിരിക്കുന്നത്.