മലയാളം പതിപ്പ് എത്തുന്നതിന് മുന്നേ ഹിന്ദി 'ദൃശ്യം 3' തീയറ്ററുകളിലെത്തും; അജയ് ദേവ്ഗൺ ചിത്രത്തിന്റെ അപ്ഡേറ്റെത്തി; റിലീസ് തീയതി പ്രഖ്യാപിച്ചു
മുംബൈ: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹിന്ദി ‘ദൃശ്യം 3’ ഉണ്ടാകുമെന്ന് സ്ഥിരീകരണം. അടുത്ത വര്‍ഷം ഒക്ടോബര്‍ 2ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം ഭാഗത്തിലും അജയ് ദേവ്ഗണാണ് നായകനായെത്തുന്നത്. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഭിഷേക് പഥക് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക. ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയാകോം 18 സ്റ്റുഡിയോസുമായി ചേര്‍ന്നാണ് പനോരമ സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്നത്.
ദൃശ്യത്തിന്റെ മലയാളം പതിപ്പിന്റെ പ്രഖ്യാപനമെത്തിയെങ്കിലും ചിത്രീകരണം എപ്പോൾ ആരംഭിക്കുന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അതിനാൽ മലയാള പതിപ്പ് എത്തുന്നതിന് മുമ്പ് ഹിന്ദി ‘ദൃശ്യം 3’ എത്തുമെന്നാണ് പ്രേക്ഷകരുടെ കണക്ക് കൂട്ടൽ. കഴിഞ്ഞ ദിവസമാണ് ഹിന്ദി പതിപ്പിന്റെ പ്രഖ്യാപനമെത്തിയത്. നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ ദൃശ്യം 3 ന്‍റെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നത്. ദൃശ്യം 3 സജീവ നിര്‍മ്മാണത്തില്‍ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും നായകനെന്നും നിര്‍മ്മാണ കമ്പനി നല്‍കിയ വിവരത്തില്‍ ഉണ്ട്.
ഈ വര്‍ഷം ഫെബ്രുവരി 20ന് ആണ് മോഹന്‍ലാലും ജീത്തു ജോസഫും സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’ എന്ന വാക്കുകളോടെ ആയിരുന്നു സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹന്‍ലാല്‍ പങ്കുവച്ചത്. 2013ല്‍ ആണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്. ചിത്രം തീയറ്ററുകളിൽ വലിയ വിജയമായി. മികച്ച നിരൂപക പ്രശംസയും ചിത്രം പിടിച്ചുപറ്റി.
ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ ദൃശ്യം മോഹൻലാലിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണെന്നാണ് ആരാധകരുടെ അഭിപ്രായം. ആദ്യ ഭാഗത്തിന്റെ റിലീസിന് എട്ട് വര്‍ഷത്തിന് ശേഷം 2021ല്‍ സിനിമയുടെ രണ്ടാം ഭാഗമെത്തി. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഡയറക്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ചിത്രത്തിന്റെ ആദ്യ റീമേക്ക് ചെയ്തിരുന്നു