അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചു; അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’യ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ; 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം; മൂന്ന് ഗാനങ്ങൾ നീക്കം ചെയ്യണം

Update: 2025-04-15 10:40 GMT

ചെന്നൈ: ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നതിനിടെ അജിത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’ക്ക് നിയമ കുരുക്ക്. അനുമതിയില്ലാതെ ചിത്രത്തിൽ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് സിനിമയുടെ നിർമാതാവിന് വക്കീൽ നോട്ടിസയച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഇളയരാജ. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടിസ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 5നാണ് റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ജി വി പ്രകാശ് കുമാറും ദേവി ശ്രീ പ്രസാദുമാണ് ചിത്രത്തിലെ സംഗീത സംവിധായകർ.

‘ഒത്ത രൂപ...’ ( നാട്ടുപുറ പാട്ട് 1996 ), ‘എൻ ജോഡി മഞ്ഞക്ക് കുരുവി...’ ( വിക്രം 1996 ) ‘ഇളമൈ ഇതോ, ഇതോ...’ സകലകലാ വല്ലവൻ 1982 ) എന്നീ ഗാനങ്ങൾ തന്റെ അനുവാദമില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിനെയാണ് ഇളയരാജ ചോദ്യം ചെയ്യുന്നത്. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നീക്കം ചെയ്യാൻ ഏഴു ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും നിർമാതാവിന് അയച്ച് വക്കീൽ നോട്ടിസിൽ പറയുന്നു. ഏഴു ദിവസത്തിനുള്ളിൽ നിരുപാധികം മാപ്പ് പറയണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ നെതിരെയും ഇളയരാജ വക്കീൽ നോട്ടിസയച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഹിറ്റായി മാറിയ ചിത്രത്തിൽ ഇളയരാജ സംഗീതം നൽകിയ ‘കൺമണി അൻപോടു കാതലൻ’ എന്ന ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീൽ നോട്ടിസയച്ചിരുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. 200 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.

വിവാദങ്ങൾക്കിടയിലും ഗുഡ് ബാഡ് അഗ്ലി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ഏകദേശം 100 കോടി രൂപ കളക്ഷൻ നേടി. അജിത്തിന്റെ മുൻ ചിത്രമായ വിഡാമുയാർച്ചിയുടെ കളക്ഷനായ 136 കോടി രൂപയെ വെറും നാല് ദിവസത്തിനുള്ളിൽ ഈ ചിത്രം മറികടന്നു. രസകരമായ അവതരണം, മാസ് ആക്ഷൻ സീക്വൻസുകൾ, അജിത് കുമാർ, സുനിൽ, ഷൈൻ ടോം ചാക്കോ, തൃഷ എന്നിവരുൾപ്പെടെയുള്ള താരനിര എന്നിവയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി പ്രേക്ഷകർ പറയുന്നത്.

Tags:    

Similar News