'ജയിലറി'ന്റെ രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് വിനായകൻ; മാത്യൂവായി വീണ്ടും അവതരിക്കാൻ മോഹൻലാലും; ചർച്ചയായി ജിഷാദ് ഷംസുദ്ദീൻ പങ്കുവെച്ച ചിത്രം
ചെന്നൈ: ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാഗമായ 'ജയിലർ 2'ലും ഭാഗമാണെന്ന് നടൻ വിനായകൻ. ഒന്നാം ഭാഗത്തിൽ രജനികാന്തിനൊപ്പം പ്രധാന വില്ലൻ കഥാപാത്രമായ വർമ്മനായി വിനായകൻ തിളങ്ങിയിരുന്നു. രണ്ടാം ഭാഗത്തിൽ മോഹൻലാലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ അതിഥി വേഷത്തിൽ മാത്യൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടി.
തന്റെ പുതിയ ചിത്രം 'കളങ്കാവലി'യുടെ പ്രൊമോഷനിടെയാണ് 'ജയിലർ 2'ൽ താനുമുണ്ടാകുമെന്ന് വിനായകൻ വെളിപ്പെടുത്തിയത്. ഒന്നാം ഭാഗത്തിൽ വർമ്മൻ കൊല്ലപ്പെട്ടതായി കാണിച്ചിരുന്നുവെങ്കിലും, രണ്ടാം ഭാഗത്തിൽ എങ്ങനെയാണ് ഈ കഥാപാത്രം മടങ്ങിയെത്തുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല. താൻ ചെയ്ത കഥാപാത്രങ്ങളിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട കോമഡി കഥാപാത്രമായിരുന്നു വർമ്മൻ എന്നും വിനായകൻ കൂട്ടിച്ചേർത്തു.
മോഹൻലാൽ 'ജയിലർ 2'ന്റെ സെറ്റിലേക്ക് പോകുന്ന ചിത്രങ്ങൾ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ പങ്കുവെച്ചിരുന്നു. 'ദൃശ്യം 3'യുടെ ചിത്രീകരണം പൂർത്തിയായതായി മോഹൻലാൽ വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകമാണ് ഈ ചിത്രങ്ങൾ പുറത്തുവന്നത്. 'ജയിലറി'ൽ ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള അതിഥി വേഷം കൊണ്ടുതന്നെ മോഹൻലാൽ തിയറ്ററുകളിൽ വലിയ ഓളം സൃഷ്ടിക്കുകയും മികച്ച പ്രശംസ നേടുകയും ചെയ്തിരുന്നു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ' 2023-ലെ വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു. ആഗോള ബോക്സ് ഓഫീസിൽ 600 കോടി രൂപ നേടി ചിത്രം കോളിവുഡിലെ എക്കാലത്തെയും പണംവാരി ചിത്രങ്ങളിൽ ഒന്നായി മാറി. 'ജയിലർ 2'ന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ വർഷം ജനുവരിയിൽ ഒരു പ്രൊമോ വീഡിയോയിലൂടെ നടന്നു. മാർച്ചിൽ ചിത്രീകരണം ആരംഭിച്ച സിനിമ നെൽസൻ തന്നെയാണ് സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. അടുത്ത വർഷം 'ജയിലർ 2' തിയറ്ററുകളിലെത്തും.
