‘ജയിലർ 2’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; രണ്ടാം വരവ് ആഘോഷമാക്കാൻ ആരാധകർ
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലർ 2’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വർഷം ജൂൺ 12-ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. 2023-ൽ റിലീസ് ചെയ്ത ‘ജയിലർ’ ബോക്സ് ഓഫീസ് വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു.
600 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രം, രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ഈ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ‘ജയിലർ 2’വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനികാന്ത് അടുത്തിടെ പാലക്കാട് സന്ദർശിച്ചിരുന്നു.
താരത്തെ കാണാൻ നിരവധി ആരാധകർ തടിച്ചുകൂടിയിരുന്നു. ഈ കൂടിക്കാഴ്ചയുടെയും ആരാധകരെ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ജയിലർ 1’-ന്റെ ക്ലൈമാക്സ് കേരളത്തിലാണ് ചിത്രീകരിച്ചത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കേരളത്തിലെ ചിത്രീകരണം പൂർത്തിയാക്കി ചെന്നൈയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് രജനികാന്ത് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശം നിറച്ചിരിക്കുകയാണ്. ‘ജയിലർ 1’-ൽ മോഹൻലാൽ, ശിവരാജ്കുമാർ, വിനായകൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്നിരുന്നു. രണ്ടാം ഭാഗത്തിൽ എസ്.ജെ. സൂര്യ, നന്ദമുരി ബാലകൃഷ്ണ തുടങ്ങിയ പ്രമുഖരും അണിനിരക്കുമെന്നും സൂചനയുണ്ട്.