നിങ്ങള്‍ ഈ വ്യവസായത്തെ കൊല്ലുകയാണ്; വിഷയം വളരെ ഗൗരവമായി പരിഗണിക്കണം; ബോളിവുഡിനോട് കേന്ദ്ര സര്‍ക്കാര്‍ കരുണ കാട്ടണമെന്ന് ജയ ബച്ചന്‍ എം പി

ബോളിവുഡിനോട് കേന്ദ്ര സര്‍ക്കാര്‍ കരുണ കാട്ടണമെന്ന് ജയ ബച്ചന്‍ എം പി

Update: 2025-02-12 12:28 GMT

ന്യൂഡല്‍ഹി: സിനിമ വ്യവസായത്തോട് കേന്ദ്ര സര്‍ക്കാര്‍ കരുണ കാണിക്കണമെന്നും നിലനില്‍പ്പിനായുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നും സമാജ് വാദി പാര്‍ട്ടി എം.പി ജയാ ബച്ചന്‍. സര്‍ക്കാര്‍ ഫിലിം ഇന്‍ഡസ്ട്രിയെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ജയ രാജ്യസഭയില്‍ പറഞ്ഞു. 2025-26 കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പൊതു ചര്‍ച്ചയിലാണ് ഈ കാര്യങ്ങള്‍ അവര്‍ ഉന്നയിച്ചത്.

സിനിമ വ്യവസായത്തെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണ്. മറ്റ് സര്‍ക്കാരുകളും ഇതേ കാര്യം തന്നെയാണ് ചെയ്തത്. എന്നാല്‍, ഈ സര്‍ക്കാര്‍ അതിനെ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്ക് കൊണ്ടുപോയി. ഈ വിഷയം വളരെ ഗൗരവമായി പരിഗണിക്കണമെന്നും ജയ ബച്ചന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു.

നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ് സിനിമ വ്യവസായത്തെ ഉപയോഗിക്കുന്നതെന്നതു കൊണ്ടാണ് നിങ്ങള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സിംഗ്ള്‍ സ്‌ക്രീന്‍ തിയറ്ററുകള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും വില കൂടിയതോടെ ആളുകള്‍ സിനിമ തിയറ്ററിലേക്ക് പോകാതായിരിക്കുന്നു. ഇന്ന് സിനിമയെയും നിങ്ങള്‍ ലക്ഷ്യമിട്ടുതുടങ്ങി.

ഈ വ്യവസായത്തെ കൊല്ലാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ, ഈ വ്യവസായമാണ് മുഴുവന്‍ ലോകത്തെയും ഇന്ത്യയുമായി കൂട്ടിയിണക്കുന്നത്. അതിനാല്‍ ദയവായി അവരോട് കരുണ കാണിക്കണം. വിഷയം വളരെ ഗൗരവമായി കാണണമെന്നും സിനിമ വ്യവസായം അതിജീവിക്കുന്നതിന് വേണ്ട സഹായം ചെയ്യണമെന്നും ധനമന്ത്രിയോട് ജയ ബച്ചന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News