ഓരോ ഭാഗവും കടന്നു പോകുമ്പോള്‍ സിനിമയുടെ ടോണ്‍ അല്പം ഇരുണ്ടതായി മാറുന്നു; ജോര്‍ജ്കുട്ടിയും കുടുംബവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ച് ജീത്തു ജോസഫ്; പന്ത്രണ്ട് വര്‍ഷങ്ങളിലൂടെയുള്ള കുടുംബത്തിലെ മാറ്റങ്ങള്‍ ആ ഫ്രെയിമുകളില്‍ വ്യക്തം എന്ന് ആരാധകര്‍

Update: 2025-09-29 14:34 GMT

മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ് ദൃശ്യം. റിലീസിനൊപ്പം തന്നെ അതുല്യമായ വിജയവും പ്രേക്ഷകപ്രശംസയും നേടിയ ചിത്രം, പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലേക്ക് റീമേക്കായി. അതുപോലെ തന്നെ ചൈന, ശ്രീലങ്ക പോലെയുള്ള രാജ്യങ്ങളിലും കഥ പുനര്‍നിര്‍മിതമായി എത്തി.

ആദ്യ ഭാഗം പോലെ തന്നെ ദൃശ്യം 2യും മികച്ച പ്രതികരണം നേടി. ഇപ്പോഴിതാ, മൂന്നാം ഭാഗത്തിനായുള്ള പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. ദൃശ്യം 3യുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റ് ചര്‍ച്ചയാകുകയാണ്.

ജീത്തു പങ്കുവച്ചിരിക്കുന്നത് മൂന്നു സിനിമകളിലുമുള്ള ഒരേപോലെയുള്ള ദൃശ്യങ്ങളാണ്. ജോര്‍ജ്കുട്ടിയും കുടുംബവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രംഗങ്ങള്‍. പന്ത്രണ്ട് വര്‍ഷങ്ങളിലൂടെയുള്ള കുടുംബത്തിലെ മാറ്റങ്ങള്‍ ആ ഫ്രെയിമുകളില്‍ വ്യക്തമായി കാണാം. കുട്ടികള്‍ വളരുന്നതും കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതും ആ രംഗങ്ങള്‍ തെളിയിക്കുന്നു.

പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ എത്തിയതിന് പിന്നാലെ ആരാധകരുടെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ഓരോ ഭാഗവും കടന്നു പോകുമ്പോള്‍ സിനിമയുടെ ടോണ്‍ അല്പം ഇരുണ്ടതായി മാറുന്നുവെന്നുള്ളതാണ് ചിലരുടെ നിരീക്ഷണം. ആദ്യ ചിത്രത്തിലെ ദൃശ്യവിശേഷങ്ങള്‍ക്ക് പിന്നാലെ രണ്ടാം ഭാഗത്ത് അത്രത്തോളം മാജിക് കാണാനായില്ലെന്നും, മൂന്നാം ഭാഗം സാങ്കേതികമായും കഥാപരമായും കൂടുതല്‍ ഉയരണമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Tags:    

Similar News