'വിദ്യാഭ്യാസം മാറ്റമാണെന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണം; സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ ജീവിതങ്ങളെ മാറ്റിമറിക്കുന്നു'; അഭിനന്ദിച്ചു കെ കെ ശൈലജ
'വിദ്യാഭ്യാസം മാറ്റമാണെന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണം; സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ ജീവിതങ്ങളെ മാറ്റിമറിക്കുന്നു
ചെന്നൈ: തമിഴ് നടന്‍ സൂര്യയുടെ അഗരം ഫൗണ്ടേഷനെ അഭിനന്ദിച്ചു കെ കെ ശൈലജ. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഈ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം എന്നത് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് എന്ന ആശയത്തിലാണ് അഗരം ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. സൂര്യയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചാണ് ശൈലജ രംഗത്തുവന്നത്
'സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ ജീവിതങ്ങളെ മാറ്റിമറിക്കുന്നു! 51 പേര്‍ ഡോക്ടര്‍മാരായും 1,800 പേര്‍ എഞ്ചിനീയര്‍മാരായും 2006 മുതല്‍ 6,000+ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ശാക്തീകരിച്ചു. 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു. വിദ്യാഭ്യാസം മാറ്റമാണെന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണം. ഈ പ്രചോദനാത്മക ദൗത്യത്തിന് എല്ലാവിധ ആശംസകളും' എന്നാണ് ടീച്ചര്‍ എക്‌സില്‍ കുറിച്ചത്.
സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ വഴി പഠനം പൂര്‍ത്തിയാക്കിയ 51 വിദ്യാര്‍ഥികള്‍ ഇന്ന് ഡോക്ടര്‍മാരാണ്. ഈ 51 ഡോക്ടര്‍മാരും തമിഴ്‌നാട്ടിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. കുടുംബത്തില്‍ നിന്ന് ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരാണ്. അഗരം ഫൗണ്ടേഷന്‍ വിദ്യാര്‍ഥികളുടെ വൈകാരിക പ്രതികരണങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സ്വന്തമായി വിദ്യാഭ്യാസം നേടാന്‍ കഴിയില്ലെന്ന് കരുതിയ പലര്‍ക്കും ഒരു പുതിയ ജീവിതം നല്‍കിയത് ഈ ഫൗണ്ടേഷനാണ്.
ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന പ്രോഗ്രാമാണ് വിദൈ (ഢശറവമശ). വിദ്യാര്‍ഥികള്‍ക്ക് പഠനത്തിലും ജീവിതത്തിലും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി മുതിര്‍ന്നവരുമായി ബന്ധിപ്പിക്കുന്ന മെന്റര്‍ഷിപ്പ് പ്രോഗ്രാമുകളും അഗരത്തിന്റെ കീഴില്‍ നടത്തുന്നുണ്ട്.
വിദൂര ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ താമസസൗകര്യവും പോഷകസമൃദ്ധമായ ഭക്ഷണവും നല്‍കുന്ന അഗരം ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അധ്യാപന നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയായ 'നമ്മള്‍ പള്ളി' തുടങ്ങിയവയും അഗരം ഫൗണ്ടേഷന്റെ ഭാഗമാണ്.