'ഇതിഹാസ ഭക്തന്‍റെ യാത്ര..'; പ്രേക്ഷക ശ്രദ്ധ നേടി കണ്ണപ്പയുടെ ട്രെയ്‌ലർ; മലയാളം ട്രെയ്‌ലർ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിൽ ഒന്നാമത്
ഹൈദരാബാദ്: പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമാക്കി റിലീസിനൊരുങ്ങുന്നു ചിത്രമാണ് 'കണ്ണപ്പ'. വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ബഹുഭാഷകളില്‍ നിന്നുള്ള സൂപ്പർ താരങ്ങൾ അതിഥിവേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്കില്‍ നിന്ന് പ്രഭാസും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറും എത്തുമ്പോള്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ച്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രത്തിന്‍റെ ട്രെയ്‌ലർ എത്തിയിരുന്നു.
ഇപ്പോഴിതാ, മലയാളം ട്രെയ്‌ലർ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എന്നാല്‍ ലഭിച്ച കാഴ്ചകളുടെ എണ്ണത്തില്‍ തെലുങ്ക്, ഹിന്ദി ട്രെയ്‌ലറുകളാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍. തെലുങ്ക് ട്രെയ്‌ലർ 38 ലക്ഷവും ഹിന്ദി ട്രെയ്‌ലർ 19 ലക്ഷവും കാഴ്ചകളാണ് നേടിയിരിക്കുന്നത്. മലയാളം 4 ലക്ഷവും തമിഴ് 3.5 ലക്ഷവും കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഏറ്റവും കുറവ് കാഴ്ചകള്‍ കന്നഡത്തിലെ ട്രെയ്‌ലറിന് ആണ്. 73,000 കാഴ്ചകള്‍ മാത്രമാണ് കന്നഡ ട്രെയ്‌ലർ ലഭിച്ചിരിക്കുന്നത്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, പിആർഒ ആതിര ദിൽജിത്ത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27നാണ് റിലീസിനെത്തുന്നത്.