വീണ്ടുമൊരു പാൻ ഇന്ത്യൻ ചിത്രവുമായി ദുൽഖർ സൽമാൻ; സെൽവമണി സെൽവരാജിന്റെ 'കാന്ത'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം നവംബർ 14ന് തീയേറ്ററുകളില്‍
കൊച്ചി: ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'കാന്ത'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 14ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം വേഫേറർ ഫിലിംസ്, സ്പിരിറ്റ് മീഡിയ എന്നിവർ സംയുക്തമായാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. പ്രണയം, അഹംഭാവം, കല, വൈകാരികത തുടങ്ങിയ വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കഥ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു.
മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച വേഫേറർ ഫിലിംസിന്റെ ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുങ്ങിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. തെലുങ്കിൽ 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ നായകനാകുന്ന ചിത്രമാണിത്. ഡാനി സാഞ്ചസ് ലോപ്പസ് ഛായാഗ്രഹണവും, ഝാനു ചന്റർ സംഗീതവും നിർവഹിക്കുന്നു. ലെവെലിൻ ആന്റണി ഗോൺസാൽവേസ് എഡിറ്റർ, രാമലിംഗം കലാസംവിധാനം, പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ് വസ്ത്രാലങ്കാരം എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.