ആരാധകർക്കുള്ള ധനുഷിന്റെ പൊങ്കൽ സമ്മാനം; വിഘ്നേഷ് രാജ ഒരുക്കുന്ന 'കര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രത്തിൽ മമിത ബൈജുവും

Update: 2026-01-15 13:52 GMT

ചെന്നൈ: സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന നടൻ ധനുഷിന്റെ 54-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. 'കര' എന്നാണ് ചിത്രത്തിന്റെ പേര്. വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തീവ്രമായ നോട്ടത്തോടെയുള്ള ധനുഷിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. നടി മമിത ബൈജു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊങ്കൽ സമ്മാനമായാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്.

കത്തിയെരിയുന്ന വീടുകളുടെ പശ്ചാത്തലത്തിലും പാടത്തിന് നടുവിലും ധനുഷിനെ അവതരിപ്പിക്കുന്ന പോസ്റ്റർ ശ്രദ്ധേയമാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് വിവരം, എന്നാൽ ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജി വി പ്രകാശ് കുമാറാണ് 'കര'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

'കര' അടുത്ത വർഷം മാർച്ചിലോ ഏപ്രിലിലോ തിയറ്ററുകളിലെത്തും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. ഹിറ്റ് ചിത്രം 'പോർ തൊഴിൽ' സംവിധാനം ചെയ്ത വിഘ്നേഷ് രാജയാണ് 'കര'യുടെയും അമരത്ത്. ധനുഷിന്റെ ബോളിവുഡ് ചിത്രം 'തേരേ ഇഷ്ക് മേം' ആയിരുന്നു ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഇതിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തമിഴിൽ ധനുഷ് നായകനായെത്തി ഒടുവിൽ തിയറ്ററുകളിലെത്തിയ 'ഇഡ്ഡലി കടൈ' വലിയ പ്രതീക്ഷയോടെ എത്തിയെങ്കിലും മികച്ച അഭിപ്രായം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. 

Tags:    

Similar News