'മണ്ണിൽ നിന്ന് ജനിച്ച ഒരു ആത്മാവ്'; മാവീരയായി രാജ് ബി ഷെട്ടി; 'കരാവലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ബെംഗളൂരു: ടർബോ, കൊണ്ടൽ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ കന്നഡ താരമാണ് രാജ് ബി ഷെട്ടി. താരത്തിന്റെ പുറത്ത് ഇറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് 'കരാവലി'. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കർണാടകയുടെ തീരദേശ കാൻവാസിലൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'മൃഗം vs മനുഷ്യൻ' എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്ററിൽ രണ്ട് എരുമകൾക്ക് നടുവിൽ തീക്ഷ്ണമായ കണ്ണുകളും കൈയ്യിൽ തീപ്പന്തവുമേന്തി നിൽക്കുന്ന രാജ് ബി ഷെട്ടിയെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രജ്വാൾ ദേവരാജ് നായകനായി എത്തുന്ന ചിത്രത്തിൽ മാവീര എന്ന നിർണായക വേഷത്തിലാണ് രാജ് ബി ഷെട്ടി അഭിനയിക്കുന്നത്. പ്രജ്വാൾ ദേവരാജ്, രാജ് ബി ഷെട്ടി എന്നിവരെ കൂടാതെ മിത്രയും ഒരു നിർണായക വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നു, രമേശ് ഇന്ദിരയും ശ്രദ്ധേയ കഥാപാത്രമായുണ്ട്. സമ്പാതയാണ് നായിക. വികെ ഫിലിം അസോസിയേഷനും ഗാനിഗ ഫിലിംസും ചേർന്നാണ് ഈ പ്രോജക്റ്റ് നിർമ്മിച്ചിരിക്കുന്നത്, സച്ചിൻ ബസ്രൂർ സംഗീതവും അഭിമന്യു സദാനന്ദൻ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നു. കരാവലി ഈ വർഷം അവസാനം റിലീസിനായി ഒരുങ്ങുകയാണ്.