അതിഥികളെ വരവേറ്റത് ബാഹുബലിയിലെ ചിറയ്ക്കൽ കാളിദാസൻ; താരസമ്പന്നമായി പൂജാ ചടങ്ങ്; ആന്റണി വർഗീസ് നായകനാവുന്ന കാട്ടാളന് തുടക്കം

Update: 2025-08-23 12:55 GMT

കൊച്ചി: ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിന് എറണാകുളത്ത് പ്രൗഢഗംഭീരമായ തുടക്കം. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജാ ചടങ്ങ് സിനിമാ ലോകത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

എറണാകുളം ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങ്, സിനിമയുടെ വലിയ ക്യാൻവാസ് വ്യക്തമാക്കുന്നതായിരുന്നു. 'ബാഹുബലി' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ ചിറയ്ക്കൽ കാളിദാസൻ എന്ന ഗജവീരൻ, ചിത്രത്തിന്‍റെ പേര് ആലേഖനം ചെയ്ത നെറ്റിപ്പട്ടം അണിഞ്ഞ് അതിഥികളെ വരവേറ്റത് ചടങ്ങിന് മാറ്റ് കൂട്ടി. നിർമ്മാതാവ് ഷരീഫ് മുഹമ്മദും കുടുംബവും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്.

സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടന്മാരായ സിദ്ദീഖ്, ജഗദീഷ്, ഷറഫുദ്ധീൻ, ആൻസൺ പോൾ, ഐ.എം. വിജയൻ, സാഗർ സൂര്യ, ബോളിവുഡ് താരം കബീർ ദുഹാൻ സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംവിധായകരായ ഹനീഫ് അദേനി, ജിതിൻ ലാൽ, എഡിറ്റർ ഷമീർ മുഹമ്മദ് എന്നിവരും നായകനായ ആന്റണി വർഗീസും നായിക രജിഷ വിജയനും സന്നിഹിതരായിരുന്നു.

രജിഷ വിജയനാണ് ചിത്രത്തിൽ നായിക. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്ക് പുറമെ ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, 'കിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പാർത്ഥ് തീവാരി എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 'ആന്റണി വർഗീസ്' എന്ന സ്വന്തം പേരിൽ തന്നെയാണ് പെപ്പെ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്. 'ജവാൻ', 'ബാഹുബലി 2', 'പൊന്നിയൻ സെൽവൻ' തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ പ്രഗത്ഭരാണ് 'കാട്ടാള'ന് വേണ്ടിയും ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്.

Tags:    

Similar News