29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ; മത്സരവിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ
തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു മലയാളം ചിത്രങ്ങൾ തിരഞ്ഞെടുത്തു. രണ്ട് ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ഏഴ് ചിത്രങ്ങളുമാണ് ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാളം സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടികയും പുറത്ത് വന്നിട്ടുണ്ട്.
അഭിജിത്ത് മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഓഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. ആര്യൻ ചന്ദ്ര പ്രകാശിന്റെ ആജൂർ (ബാജിക), വിപിൻ രാധാകൃഷ്‌ണന്റെ അങ്കമ്മാൾ (തമിഴ്), ജയ്‌ചെങ് സായ് ധോതിയയുടെ ബാഗ്‌ജാൻ (അസമീസ്), ആരണ്യ സഹായിയുടെ ഹ്യൂമൻസ് ഇൻ ദ ലൂപ് (ഹിന്ദി), അഭിലാഷ് ശർമ ഒരുക്കിയ ഇൻ ദ നെയിം ഓഫ് ഫയർ (മഗഹി), സുഭദ്ര മഹാജൻ ഒരുക്കിയ സെക്കൻഡ് ചാൻസ് (ഹിന്ദി), ഭരത് സിങ് പരിഹാറിന്റെ ഭേദിയ ദസാൻ (ഹിന്ദി) എന്നിവയാണ് ‘ഇന്ത്യൻ സിനിമ ഇന്ന്’ വിഭാഗത്തിൽ ഇടം നേടിയത്.
ഫെമിനിച്ചി ഫാത്തിമ, അപ്പുറം, എന്നിവയാണ് മത്സര വിഭാത്തിൽ തിരഞ്ഞെടുത്ത മലയാള ചിത്രങ്ങൾ. കൂടാതെ, എ പാൻ ഇന്ത്യൻ സ്റ്റോറി, കാമദേവൻ നക്ഷത്രം കണ്ടു, ഗേൾ ഫ്രണ്ട്, വെളിച്ചം തേടി, കിഷ്കിന്ഡ കാണ്ഡം, കിസ് വാഗൺ, പാത്ത്, സംഘർഷ ഘടന, മുഖക്കണ്ണാടി, വിക്ടോറിയ, മായുന്ന മാറിവരയുന്ന നിശ്വാസങ്ങൾ എന്നിവയാണ് മലയാളം സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.
മേളയുടെ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റി കണ്‍സെപ്റ്റും തയാറാക്കിയത് കണ്ണൂര്‍ സ്വദേശിയായ വിഷ്വല്‍ ഡിസൈനര്‍ അശ്വന്ത് എയാണ്. എറണാകുളം ആർ.എല്‍.വി കോളേജ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ എം.എഫ്.എ വിദ്യാർഥിയാണ് അശ്വന്ത്.