'ആണുങ്ങളല്ലേ ഭരിക്കുക, പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം'; വിവാദമായി കൊല്ലം തുളസിയുടെ പരാമർശം
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം നടൻ കൊല്ലം തുളസി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പുരുഷന്മാരാണ് ഭരിക്കേണ്ടതെന്നും സ്ത്രീകൾ എപ്പോഴും അവർക്ക് താഴെയായിരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
വെള്ളിയാഴ്ച ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങവെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'ആണുങ്ങൾ ഭരിക്കണം എന്നാണോ താത്പര്യം' എന്ന ചോദ്യത്തിന്, 'ആണുങ്ങളല്ലേ ഭരിക്കുക, പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം' എന്ന് അദ്ദേഹം മറുപടി നൽകി. 'പുരുഷന്മാർ എപ്പോഴും പെണ്ണുങ്ങളുടെ മുകളിലായിരിക്കണം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, 'ഞാൻ വെറുതെ പറഞ്ഞതാണ് കേട്ടോ' എന്ന് ക്യാമറയെ നോക്കി പറഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കൊല്ലം തുളസിയുടെ പരാമർശം പുറത്തുവന്നത്, 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് എന്നത് ശ്രദ്ധേയമാണ്. ശക്തമായ മത്സരത്തിൽ നടൻ ദേവനെ 27 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്വേത പ്രസിഡന്റായത്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ലക്ഷ്മിപ്രിയ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഹസൻ നേരത്തെ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. താരസംഘടനയുടെ നേതൃത്വത്തിലേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ സംഘടനയിലെ മുതിർന്ന ഒരംഗത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.